31 വർഷത്തെ സൗഹൃദം’: മുൻ പാക്കിസ്ഥാനി സഹപാഠിയെ വീണ്ടും കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ച് ഇന്ത്യക്കാരൻ

ലോകമെമ്പാടുമുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് ഉപരിപഠനത്തിനായി വിദ്യാർത്ഥികൾ എത്തുന്ന ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി വളരെ നേരത്തെ തന്നെ പ്രശസ്തമാണ് യുകെ. ഓരോ ദശകം കഴിയുമ്പോഴും ഈ കണക്കുകള്‍ മുകളിലേക്കാണ്. ഇന്നും ലോകത്തിലെ സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളില്‍ നിന്നുള്ള യുവ തലമുറ യുകെയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഉന്നത വിദ്യാഭ്യാസത്തിനായി തെരഞ്ഞെടുക്കുന്നത്. ഇത്തരത്തില്‍ പഠനത്തിനായി പല രാജ്യങ്ങളില്‍ നിന്ന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ തമ്മിലൊരു സൗഹൃദവും രൂപപ്പെടാറുണ്ട്. ഇന്ന് വിവിധ രാജ്യങ്ങളുടെ അധികാര കേന്ദ്രങ്ങളിലുള്ളവരില്‍ പലരും തമ്മിള്ള സൗഹൃദവും ഇത്തരത്തില്‍ പഠനകാലത്ത് രൂപപ്പെട്ടതാണെന്ന് കാണാം.

ചിലര്‍ ഇത്തരത്തില്‍ പഠനകാലത്തുണ്ടാകുന്ന സൗഹൃദം ജീവിതകാലം മുഴുവനും സൂക്ഷിക്കുന്നു. അത്തരത്തിലുള്ള ഒരു സൗഹൃദത്തിന്‍റെ കഥ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ഒരു ഇന്ത്യക്കാരനും അദ്ദേഹത്തിന്‍റെ പാകിസ്ഥാന്‍കാരനായ സഹപാഠിയും തമ്മിലുള്ള സൗഹൃദത്തിന്‍റെ കഥയായിരുന്നു അത്. 31 വർഷം നീണ്ടുനിൽക്കുന്ന ആത്മബന്ധമാണ് തങ്ങൾ തമ്മിലുള്ളതെന്ന് പറഞ്ഞുകൊണ്ടാണ് രതിൻ റോയി എന്ന ഇന്ത്യക്കാരന്‍റെ, തന്‍റെ സൂഹൃത്തും പാകിസ്ഥാന്‍കരനുമായ അലി ചീമയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

ഇരുവരും കേംബ്രിഡ്ജ് സർവകലാശാലയിൽ പിഎച്ച്ഡിക്ക് പഠനകാലത്ത് സഹപാഠികളായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം തന്‍റെ ആത്മമിത്രത്തെ വീണ്ടും കണ്ടുമുട്ടിയ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് രതിൻ റോയി തങ്ങളുടെ സൗഹൃദം ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ’31 വർഷത്തെ സൗഹൃദം മുറിഞ്ഞു പോകാതെ ഇനിയും നമുക്ക് കാത്തു സൂക്ഷിക്കാം’ എന്ന് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം തങ്ങളുടെ ഫോട്ടോ ട്വീറ്റ് ചെയ്തത്. ട്വീറ്റ് ഇതിനകം എഴുപത്തിയാറായിരത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. പല കാഴ്ചക്കാരും അവരുടെ സൗഹൃദം ശക്തമായി നിലനില്‍ക്കട്ടെയെന്ന് ആശംസിച്ചു.

Advertisement