2014 മുതൽ 15 വിവാഹം; ഡോക്ടറും എൻജിനീയറുമായി ആൾമാറാട്ടം; അറസ്റ്റ്

മൈസൂർ: 2014 മുതൽ 15 സ്ത്രീകളെ വിവാഹം കഴിച്ച തട്ടിപ്പുകാരനെ മൈസൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു ബനശങ്കരി സ്വദേശിയായ മഹേഷ് നായക് (35) എന്നയാളാണ് ശനിയാഴ്ച തുമക്കുരുവിൽ പൊലീസ് പിടിയിലായത്. ഇക്കഴിഞ്ഞ ജനുവരിയിൽ ഇയാൾ വിവാഹം ചെയ്ത മൈസൂരു സ്വദേശിനിയും സോഫ്റ്റ്‍വെയർ എൻജിനീയറുമായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.

മാട്രിമോണിയൽ സൈറ്റുകളിൽ എൻജിനീയറും ഡോക്ടറുമായി പ്രൊഫൈൽ സൃഷ്ടിച്ചാണ് മഹേഷ് സ്ത്രീകളെ ചതിയിൽപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പുതിയ ക്ലിനിക്ക് തുടങ്ങാനെന്ന പേരിൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താൻ ആരംഭിച്ചപ്പോഴാണ് യുവതി പരാതി നൽകിയത്. യുവതിയുടെ പണവും ആഭരണങ്ങളും മഹേഷ് കവർന്നിരുന്നു.

ഡോക്ടറാണെന്ന് വരുത്തിത്തീർക്കാൻ ഇയാൾ തുമക്കുരുവിൽ ഒരു വ്യാജക്ലിനിക്ക് ആരംഭിക്കുകയും ഇവിടെ ഒരു നഴ്സിനെ ജോലിക്ക് നിയോഗിക്കുകയും ചെയ്തു. വിവാഹം ചെയ്ത നാലുപേരിൽ ഇയാൾക്ക് കുട്ടികളുണ്ടെന്നും പൊലീസ് പറഞ്ഞു. സമാനമായ രീതിയിൽ ഇയാൾ വഞ്ചിച്ച മറ്റൊരു യുവതികൂടി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

മഹേഷിന്റെ ഇംഗ്ലിഷ് മോശമാണെന്ന കാരണത്താൽ നിരവധിപ്പേർ ഇയാളുമായുള്ള വിവാഹ ആലോചനയിൽനിന്ന് പിന്മാറി. ഇംഗ്ലീഷ് ഭാഷാപ്രാവീണ്യമുണ്ടായിരുന്നെങ്കിൽ കൂടുതൽപ്പേർ ഇയാളുടെ ചതിയിൽപ്പെടാൻ സാധ്യതയുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. ഇയാൾ വിവാഹംചെയ്ത സ്ത്രീകളിൽ മിക്കവരും ഉയർന്ന വിദ്യാഭ്യാസവും ജോലിയും മികച്ച സാമ്പത്തിക ഭദ്രതയും ഉള്ളവരായിരുന്നു. വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായാലും അപമാനഭാരമോർത്ത് പരാതിപ്പെടാൻ ആരും തയ്യാറായില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Advertisement