‘ദാവൂദ് പാക്ക് യുവതിയെ വിവാഹം കഴിച്ചു; ആദ്യ ഭാര്യയുമായി ബന്ധം വേർപ്പെടുത്തിയില്ല’

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി സഹോദരീപുത്രൻ അലീഷ പാർക്കർ. ദാവൂദ് ഇബ്രാഹിം രണ്ടാമതും വിവാഹിതനായെന്നാണ് ദേശീയ അന്വേഷണ ഏജൻസിക്ക് (എൻഐഎ) അലീഷ നൽകിയ മൊഴി. പാക്കിസ്ഥാനിലുള്ള പഠാൻ വംശജയായ യുവതിയാണ് ദാവൂദ് ഇബ്രാഹിമിന്റെ പുതിയ ഭാര്യയെന്നാണു വെളിപ്പെടുത്തൽ.

ആദ്യ ഭാര്യ മെഹജബിൻ ഷെയ്ഖുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയെന്ന വാർത്ത വ്യാജമാണെന്നും അലീഷ പാർക്കർ എൻഐഎയോടു പറഞ്ഞു. ഇവർക്ക് മൂന്നു പെൺമക്കളുണ്ട്. വാട്സാപ് കോൾ വഴി മെഹജബിൻ പുറംലോകവുമായി ബന്ധപ്പെടുന്നുണ്ടെന്നും അലീഷ പറയുന്നു.

ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾക്കായി ദാവൂദ് ഇബ്രാഹിം പ്രത്യേക വിഭാഗം രൂപീകരിച്ചതു സംബന്ധിച്ചു കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത കേസിലാണ് എൻഐഎയുടെ ചോദ്യം ചെയ്യൽ. ദാവൂദിന്റെ സഹോദരി ഹസീന പാർ‌ക്കറിന്റെ മകനായ അലീഷ പാർക്കറും കേസിൽ പ്രതിയാണ്. ദാവൂദ് ഇബ്രാഹിം കുടുംബത്തോടൊപ്പം പാക്കിസ്ഥാനിലെ കറാച്ചിയിലുള്ള അബ്ദുല്ല ഗാസി ബാബ ദർഗയ്ക്ക് പിന്നിലെ പ്രതിരോധ മേഖലയിലാണ് താമസിക്കുന്നതെന്നും അലീഷ എൻഐഎയോടു പറഞ്ഞു.

ദാവൂദിന്റെ നേതൃത്വത്തിലുള്ള ‘ഡി-കമ്പനി’യുടെ ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകിയെന്ന കേസിൽ അറസ്റ്റിലായ പ്രതികൾക്കു ഹവാല വഴി ഇബ്രാഹിം വൻ തുക അയച്ചെന്ന് എൻഐഎ കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഈ പ്രവർത്തനങ്ങൾ മുംബൈയിലും ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഭീകരാക്രമണങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ടതാണ്. രാഷ്ട്രീയ നേതാക്കളും വ്യവസായികളും ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളെ ആക്രമിച്ച് ഇന്ത്യയിലെ ജനങ്ങളിൽ ഭീതി പടർത്താൻ ഡി-കമ്പനി പ്രത്യേക യൂണിറ്റ് രൂപീകരിച്ചിട്ടുണ്ടെന്നും എൻഐഎ പറയുന്നു.

കുറ്റപത്രത്തിൽ ദാവൂദ് ഇബ്രാഹിമിനെയും അടുത്ത സഹായി ഛോട്ടാ ഷക്കീലിനെയും പ്രതികളായി ചേർത്തിട്ടുണ്ട്. കേസിൽ അറസ്റ്റിലായ മുംബൈ സ്വദേശികളായ ആരിഫ് അബൂബക്കർ ഷെയ്ഖ്, ഷബീർ അബൂബക്കർ ഷെയ്ഖ്, മുഹമ്മദ് സലിം ഖുറേഷി എന്നിവരാണ് മറ്റു പ്രതികൾ.

Advertisement