മുതിർന്ന പൗരന്മാർക്ക് ഇനി ആദായനികുതി റിട്ടേൺ നൽകേണ്ട

ന്യൂഡൽഹി: 2023 ലെ കേന്ദ്ര ബജറ്റ് അവതരണത്തിന് ഇനി ദിവസങ്ങൾ മാത്രം ശേഷിക്കേ, പതിവ് പോലെ ആദായ നികുതിയിൽ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മിക്കവരും. എന്നാൽ 75 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ആശ്വാസം ലഭിക്കുന്ന തീരുമാനം ബജറ്റ് പ്രഖ്യാപനത്തിന് മുമ്പേ വന്നിട്ടുണ്ട്. പെൻഷനും ബാങ്ക് പലിശയും മാത്രമുള്ള 75 വയസ്സിന് മുകളിലുള്ള പൗരന്മാർ ഇനി മുതൽ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടി വരില്ല. ഇതു സംബന്ധിച്ച അറിയിപ്പ്, ധനമന്ത്രാലയം ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്തുവിട്ടു.

കഴിഞ്ഞ ബജറ്റിലാണ് ധനമന്ത്രി നിർമല സീതാരാമൻ ഇക്കാര്യം പ്രഖ്യാപിച്ചത്. ഇപ്പോഴാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങുന്നത്. 75 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ഈ പുതിയ പ്രഖ്യാപനത്തിന്റെ പ്രയോജനം ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് ഏറെ ആശ്വാസം നൽകുന്ന തീരുമാനമാണെന്ന കാര്യത്തിൽ തർക്കമില്ല. വാസ്തവത്തിൽ, നികുതികളും റിട്ടേണുകളും ഫയൽ ചെയ്യുന്നത് ഇക്കൂട്ടർക്ക് ഏറെ ബുദ്ധിമുട്ടാണ്. ഇക്കാര്യം കണക്കിലെടുത്താണ് കേന്ദ്രസർക്കാർ നിർണായകമായ നടപടി സ്വീകരിച്ചത്.

മുതിർന്ന പൗരന്മാർക്ക് ഈ ഇളവ് നൽകുന്നതിനായി ആദായനികുതി നിയമത്തിൽ പുതിയ വകുപ്പ് ചേർത്തിട്ടുണ്ട്. ആദായനികുതി 1961 ചട്ടം ഭേദഗതി ചെയ്ത്, അതിൽ സെക്ഷൻ 194 – P എന്ന പുതിയ വകുപ്പ് ചേർക്കുകയും ചെയ്തു. കേന്ദ്രസർക്കാർ വരുത്തിയ ഈ മാറ്റം സംബന്ധിച്ച് ബാങ്കുകൾക്ക്് അറിയിപ്പ് നൽകിക്കഴിഞ്ഞു. പുതിയ നിയമങ്ങൾ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) അറിയിച്ചു. ആദായനികുതിയുടെ റൂൾ 31, റൂൾ 31 എ, ഫോം 16, 24 ക്യു എന്നിവയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മാറ്റങ്ങൾ അനുസരിച്ച്, 75 വയസ്സിന് മുകളിലുള്ള പൗരന്മാർക്ക് ആദായ നികുതി റിട്ടേൺ പൂരിപ്പിക്കേണ്ട ആവശ്യമില്ല. ഇതനുസരിച്ച് ബാങ്ക് തന്നെ, വരുമാനത്തിന്മേലുള്ള നികുതി കണക്കാക്കി റിട്ടേൺ ഫയൽ ചെയ്യും. മുതിർന്ന പൗരന്മാർ ഇതിനായി, 12 BBA ഫോമുകൾ പൂരിപ്പിച്ച് ബാങ്കിൽ സമർപ്പിച്ചാൽ മതി.

ഇപ്പോൾ, 2.5 ലക്ഷം രൂപ വരെയുള്ള വാർഷിക വരുമാനമുള്ളവർക്കാണ് സർക്കാർ നികുതി ഇളവ് നൽകുന്നത്. എങ്കിലും അവർ ആദായനികുതി റിട്ടേൺ സമർപ്പിക്കേണ്ടത് ആവശ്യമാണ്. കട്ട് ചെയ്ത ടിഡിഎസിനായി റീഫണ്ടിന് ക്ലെയിം ചെയ്യുകയുമാവാം. 2.5 മുതൽ അഞ്ച് ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വളരെ കുറവായതിനാൽ റിബേറ്റിനുള്ളിൽ തന്നെ ക്രമീകരിക്കാൻ കഴിയും.

ആദായനികുതിയിൽ ഇളവ് നൽകണമെന്ന ആവശ്യവുമായി നിരവധി ചർച്ചകൾ ആരംഭിച്ചിരുന്നു. ഇത്തവണ ഇളവ് 2.5 ലക്ഷം രൂപയിൽ നിന്ന് അഞ്ച് ലക്ഷം രൂപയായെങ്കിലും ഉയർത്തണമെന്നാണ് ആവശ്യം. കഴിഞ്ഞ വർഷവും ഇത് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവണ യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷ. എന്തായാലും അതിനായി അടുത്ത ഫെബ്രുവരി ഒന്നു വരെ കാത്തിരിക്കേണ്ടതുണ്ട്.

Advertisement