സിപിഎമ്മിനെ വട്ടമിട്ട് ആദായ നികുതിവകുപ്പ്

തൃശൂര്‍. നികുതിക്കെണിയില്‍ സിപിഎമ്മും പെട്ടു, സിപിഎം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ് രാഷ്ട്രീയ പാര്‍ട്ടികളെ മൊത്തം ഞെട്ടിച്ചു. തൃശ്ശൂർ എംജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. 4 കോടി 85 ലക്ഷം രൂപ അക്കൗണ്ടില്‍ ഉണ്ടെന്നും നേരത്തെ പിൻവലിച്ച ഒരു കോടി രൂപ ചിലവഴിക്കരുതെന്നും നിർദേശം. അതേസമയം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഗുണ്ടാ പിരിവാണ് നടത്തുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അതിനിടെ തിങ്കളാഴ്ച വീണ്ടും ഹാജരാകാൻ സിപിഐഎം ജില്ലാ സെക്രട്ടറി എം എം വർഗീസിന് ഇ ഡി നോട്ടീസ് അയച്ചു

എല്ലാം നിയമാനുസൃതം ഒന്നും മറച്ചുവെക്കാനില്ലെന്ന്  ആവർത്തിച്ച് സിപിഐഎം. മറച്ചുവച്ച ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്ന് വ്യക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ പിടിമുറുക്കി ആദായനികുതി വകുപ്പും. രാഷ്ട്രീയ വേട്ടയാടലെന്ന സ്ഥിരം പ്രതിരോധത്തിനപ്പുറം പ്രതിസന്ധിയിൽ ആടിയുലയുകയാണ് തൃശൂരിലെ സിപിഐഎം. തൃശ്ശൂർ ജില്ലയിൽ മാത്രം സിപിഐഎമ്മിന് 81 അക്കൗണ്ടുകൾ ഉണ്ടെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തൽ. വരവ് ചിലവ് കണക്കുകളിൽ ഈ അക്കൗണ്ട് വിവരങ്ങൾ കൈമാറിയില്ലെന്നതിൻ്റെ അടിസ്ഥാനത്തിലാണ് ഈ ഡി യുടെയും ആദായനികുതി വകുപ്പിന്റെയും പുതിയ നീക്കം. ബാങ്ക് ഓഫ് ഇന്ത്യയിലെ സിപിഐഎം അക്കൗണ്ടിൽ 4 കോടി 85 ലക്ഷം രൂപയുണ്ടെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ഈ അക്കൗണ്ടിൽ നിന്ന് ഒരുകോടി രൂപ പിൻവലിച്ചിരുന്നു. രണ്ടുദിവസമായി ബാങ്കിൽ നടത്തിയ പരിശോധനയിൽ പണത്തിന്റെ ഉറവിടം അടക്കം ലഭ്യമാകാത്ത സാഹചര്യത്തിലാണ് അക്കൗണ്ട് മരവിപ്പിക്കുന്ന നടപടിയിലേക്ക് ആദായനികുതി വകുപ്പ് കടന്നത്. തെരഞ്ഞെടുപ്പ് ആവശ്യത്തിനു വേണ്ടിയാണെന്നാണ് ജില്ലാ സെക്രട്ടറി എം എം വർഗീസിൻ്റെ മറുപടി.

തിങ്കളാഴ്ച വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എം എം വർഗീസിനെ നോട്ടീസ് നൽകി. കരുവന്നൂർ സഹകരണബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് എംഎം വർഗീസിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ  പാര്‍ട്ടിക്ക് ഒരു ഭയവുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യക്തമാക്കി.

ഇഡിയെയും CBIയെയും കേന്ദ്രസർക്കാർ  ഗുണ്ടാ പടയായി കാണുന്നുവെന്നായിരുന്നു മന്ത്രി വി എൻ വാസവൻ്റെ പ്രതികരണം.
അതേസമയം ആദായനികുതി വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറിന്റെയും നീക്കങ്ങളിൽ കരുതലോടെ പ്രതികരണം മതിയെന്ന് നിലപാടിലാണ് കോൺഗ്രസ്. കോണ്‍ഗ്രസ് നേരിട്ടിരുന്ന വിഷയം തന്നെയാണ് ഇപ്പോള്‍ സിപിഎം നേരിടുന്നതെന്നതാണത്രേ കാരണം.

Advertisement