വിവാഹച്ചടങ്ങു നടത്താത്ത വിവാഹ രജിസ്‌ട്രേഷനു സാധുതയില്ല; ദമ്പതിമാർ ആയി കണക്കാക്കാനാവില്ല: ഹൈക്കോടതി

മധുര: വ്യക്തിനിയമങ്ങൾ പ്രകാരമുള്ള വിവാഹച്ചടങ്ങു നടത്താത്ത വിവാഹ രജിസ്‌ട്രേഷനു സാധുതയില്ലെന്ന് മദ്രാസ് ഹൈക്കോടതി.

ഇത്തരത്തിൽ രജിസ്‌ട്രേഷൻ നടത്തിയതു കൊണ്ടുമാത്രം ദമ്പതികൾ വിവാഹിതരായതായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ആർ വിജയകുമാർ പറഞ്ഞു.

അതതു മതത്തിലെ രീതികൾ അനുസരിച്ച്‌ വിവാഹച്ചടങ്ങു നടത്തേണ്ടതു നിർബന്ധമാണ്. വ്യക്തിനിയമങ്ങൾ പ്രകാരമുള്ള ചടങ്ങിൽ വിവാഹിതരായതിനു ശേഷമേ തമിഴ്‌നാട് വിവാഹ രജിസ്‌ട്രേഷൻ നിയമം അനുസരിച്ചു വിവാഹം രജിസ്റ്റർ ചെയ്യാനാവൂ. ചടങ്ങു നടത്താതെ നിയമപ്രകാരം വിവാഹ രജിസ്‌ട്രേഷൻ ചെയ്യാനാവില്ല- കോടതി പറഞ്ഞു.

വിവാഹം റദ്ദു ചെയ്തു തരണം എന്നാവശ്യപ്പെട്ടു മുസ്ലിം യുവതി നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം. മാതാപിതാക്കളെ കൊല്ലും എന്നു ഭീഷണിപ്പെടുത്തി കസിൻ തന്നെ വിവാഹം ചെയ്യുകയായിരുന്നെന്നാണ് യുവതി ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. ഇസ്ലാമിക നിയമപ്രകാരമുള്ള വിവാഹം നടന്നിട്ടില്ലെന്നും ഹർജിയിൽ പറഞ്ഞു.

രജിസ്‌ട്രേഷൻ നടത്തുന്നതിനു മുമ്പ് കക്ഷികൾ വ്യക്തിനിയമ പ്രകാരം വിവാഹിതരായിട്ടുണ്ടോയെന്ന് രജിസ്‌ട്രേഷൻ അധികൃതർ പരിശോധന നടത്തണമെന്ന് കോടതി നിർദേശിച്ചു. അപേക്ഷയുടെ അടിസ്ഥാനത്തിൽ മാത്രം യാന്ത്രികമായി വിവാഹ രജിസ്‌ട്രേഷൻ നടത്തരുത്. ചടങ്ങുകൾ നടത്താതെ ഇങ്ങനെ ലഭിക്കുന്ന വിവാഹ സർട്ടിഫിക്കറ്റ് വ്യാജ സർട്ടിഫിക്കറ്റ് ആണെന്നും കോടതി പറഞ്ഞു.

Advertisement