കുമരംചിറയെ ഭക്തിസാന്ദ്രമാക്കി
തോറ്റംപാട്ട്;ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം

പതാരം:ശൂരനാട് തെക്ക് പതാരം കുമരംചിറ ദേവീക്ഷേത്രത്തിലെ വൃശ്ചിക ചിറപ്പിനോട് അനുബന്ധിച്ച് നടക്കുന്ന തോറ്റംപാട്ട് ഭക്തിസാന്ദ്രമാകുന്നു.

ചിറപ്പിൻ്റെ ഭാഗമായി എല്ലാ ദിവസവും സന്ധ്യയോട് അടുത്താണ് തോറ്റംപാട്ട് നടക്കുന്നത്.ദേവിയുടെ മാഹാത്മ്യത്തെ സ്തുതിച്ച് പ്രത്യേക താളത്തിലും രാഗത്തിലും ആലപിക്കുന്ന തോറ്റംപാട്ട് കേൾക്കാൻ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്.പാട്ടുകാർ തോറ്റത്തിൻ്റെ വേഷവിധാനത്തിൽ ദേവിയുടെ ഉടവാളിന് മുന്നിൽ ഉടുക്ക് കൊട്ടിയാണ് പ്രത്യേക രാഗത്തിൽ പദങ്ങൾ ആലപിക്കുന്നത്.
തോറ്റത്തിൻ്റെ വേഷവിധാനം വളരെ ലളിതമാണ്.കാണി മുണ്ടുടുത്ത് പട്ടും തലപ്പാളിയും തലയിൽ കെട്ടും.അരയിൽ ചുവപ്പ് പട്ട് ചുറ്റി താഴ്ന്ന് വണങ്ങിയാണ് ചടങ്ങ് തുടങ്ങുന്നത്.പറിച്ചു കൂട്ടി തൊഴുക എന്നാണ് ഇതിന് പറയുന്നത്.തോറ്റത്തിൽ പ്രധാനമായി പിന്നണിയിൽ നിന്നു പാടുന്ന ആളിനെ പൊന്നാനി എന്നാണ് വിളിക്കുന്നത്. പാട്ടു പാടുന്ന സംഘത്തിൻ്റെ വേഷമാണ് തോറ്റം.ക്ഷേത്ര ശ്രീകോവിലിൽ നിന്നും ദേവിയുടെ ഉടവാൾ മേൽശാന്തി താളമേളങ്ങളുടെ അകമ്പടിയോടെ കൈയ്യിലേന്തി ക്ഷേത്രത്തിന് പുറത്ത് പ്രത്യേക പീഠത്തിൽ കൊണ്ടുവയ്ക്കും. തുടർന്നാണ് പാട്ട് തുടങ്ങുന്നത്. തോറ്റംപാട്ട് അവസാനിക്കുമ്പോൾ ഇതേ ചടങ്ങോടെ ഉടവാൾ ശ്രീകോവിലിലേക്ക് തിരിച്ച് എഴുന്നെള്ളിക്കും.വൃശ്ചിക ചിറപ്പിൻ്റെ ഭാഗമായി എല്ലാ വർഷവും ഭക്തരുടെ വകയായി നേർച്ചയായി തോറ്റംപാട്ട് നടത്തി വരുന്നുണ്ട്.

Advertisement