ഈ ആപ്പുകള്‍ ഫോണിലുണ്ടെങ്കില്‍ നീക്കിക്കോ, ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍പേയുടെ മുന്നറിയിപ്പ്

രാജ്യത്തെ ജനപ്രിയ യുപിഐ ആപ്പായ ​ഗൂ​ഗിൾ പേ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് . നിരവധി യുപിഐ ആപ്പുകൾ രാജ്യത്ത് ഉണ്ടെങ്കിലും കൂടുതൽ പേര്‍ ഉപയോ​ഗിക്കുന്നത് ​ഗൂ​ഗിൾ പേയാണ്. വളരെ എളുപ്പത്തിൽ ഡിജിറ്റൽ പേയ്മെന്റ് നടത്താൻ ​ഗൂ​ഗിൾ പേ ഉപയോക്താക്കളെ സഹായിക്കുന്നു. എന്നാൽ പല തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നിരവധി ​ഗൂ​ഗിൾപേ ഉപയോക്താക്കളെ ഭീഷണിയിലാക്കിയിരിക്കുകയാണ്.


നിരവധി തരത്തിലാണ് ഓരോ ദിവസവും രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഫിഷിം​ഗ് മെയിലുകൾ അയയ്ച്ചുള്ള തട്ടിപ്പ്, സന്ദേശങ്ങൾ അയയ്ച്ചുള്ള തട്ടിപ്പ്, ഡേറ്റിം​ഗ് ആപ്പ് തട്ടിപ്പുകൾ, ബാങ്കുകളുടെ വ്യാജ ആപ്പുകളും വെബ്സൈറ്റുകളും നിർമ്മിച്ചുള്ള തട്ടിപ്പ്, വർക്ക് ഫ്രം ഹോം വാ​ഗ്ദാനം ചെയ്തുള്ള തട്ടിപ്പ്, ഇ ചലാൻ തട്ടിപ്പ്, വ്യാജ ഇലക്ട്രിസിറ്റി ബിൽ തട്ടിപ്പ് എന്നിവയെല്ലാം ഓൺലൈൻ തട്ടിപ്പുകളുടെ വിവധ രൂപങ്ങളാണ്.


ഇത്തരം തട്ടിപ്പുകൾ തടയാനായി പലപ്പോഴും ​അധികൃതർ ഉപയോക്താക്കൾക്ക് ചില നിർദ്ദേശങ്ങൾ നൽകും. ഇത്തരത്തിൽ പുതിയ നിർദേശവുമായി രം​ഗത്ത് എത്തിയിരിക്കുകയാണ് ​ഗൂ​ഗിൾ. നിങ്ങൾ ​ഗൂ​ഗിൾ പേ പോലുള്ള യുപിഐ ആപ്പുകൾ ഉപയോ​ഗിക്കുന്ന ആളാണെങ്കിൽ നിങ്ങളുടെ ഫോണിൽ നിന്ന് ചില ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്യണം എന്നാണ് ​ഗൂ​ഗിൾ അറിയിച്ചിരിക്കുന്നത്. നിങ്ങളുടെ സുരക്ഷയ്ക്ക് ഈ നീക്കം അനിവാര്യമാണെന്നാണ് അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്.

നിങ്ങളുടെ ഫോണിൽ ഏതെങ്കിലും സ്ക്രീൻ ഷെയറിങ് ആപ്പ് ഉണ്ടെങ്കിൾ ഇവയാണ് എത്രയും വേ​ഗം നീക്കം ചെയ്യേണ്ടത്. ഹാക്കർമാർക്കും സൈബർ ക്രിമിനലുകൾക്കും നിങ്ങളുടെ ഫോണിന്റെ നിയന്ത്രണം ലഭിച്ചിട്ടുണ്ടെങ്കിൽ ഈ സ്ക്രീൻ ഷെയറിങ് ആപ്പ് ഉപയോ​ഗിച്ച് നിങ്ങൾ സ്ക്രീനിൽ നടത്തുന്ന എല്ലാ കാര്യങ്ങളും കാണാൻ സാധിക്കും. ബാങ്ക് അക്കൗണ്ടിന്റെ യൂസർ നെയിം, യുപിഐ ഐഡി, രഹസ്യ പിൻ, ഓടിപികൾ എന്നിവയെല്ലാം ഇവർക്ക് ഇതിലൂടെ അറിയാൻ സാധിക്കും.
ഇതുവഴി ഇവർ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ തട്ടിയെടുക്കാൻ ഇവർക്ക് സാധിക്കും. ആയിതിനാൽ തന്നെ ഗൂഗിൾ പേ പോലുള്ള യുപിഐ ആപ്പുകൾ‌ ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ ഫോണിൽ സ്ക്രീൻ ഷെയറിങ് ആപ്പ് എന്തെങ്കിലും ഉണ്ടെങ്കിൽ ഇവ എത്രയും പെട്ടെന്ന് അൺ ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍ എന്താണെന്ന് മനസ്സിലായില്ലെങ്കില്‍ പറഞ്ഞുതരാം. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ ഡിവൈസിന്റെ സ്‌ക്രീന്‍ കാണാന്‍ അനുമതി നല്‍കുന്ന ആപ്പുകളാണ് സ്‌ക്രീന്‍ ഷെയറിംഗ് ആപ്പുകള്‍.
സാധാരണ​ഗതിയിൽ കമ്പ്യൂട്ടറുകൾക്കോ മൊബൈലുകൾക്കോ കേടുപാടുകൾ സംഭവിച്ചാൽ ഓൺലൈനായി തന്നെ ഈ തകരാറുകൾ പരിഹരിക്കാൻ സഹായിക്കുന്ന ആപ്പുകളാണ് ഇവ. ഇതുവഴി ഫോൺ സർവ്വീസ് ചെയ്യുന്ന ആളുകൾക്ക് നിങ്ങളുടെ ഫോണിന്റെ സ്ക്രീൻ കണ്ടു ഫോണിൽ എന്തൊക്കെ പ്രശ്നം ഉണ്ടെന്ന് കണ്ടെത്താൻ സാധിക്കും. ചില സ്ക്രീൻ ഷെയറിങ് ആപ്പുകളിൽ വിദൂരമായി നിന്ന് ഉപകരണങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്ന ഓപ്ഷനുകളും ഉണ്ടായിരിക്കുന്നതാണ്
ഇതിന്റെ പിൻബലത്തിൽ വിദൂരമായി നിൽക്കുന്ന സർവ്വീസ് ഓപ്പറേറ്റർമാർക്ക് നിങ്ങളുടെ ഫോണിന്റെ ആക്സസ് നേടി ഫോണിൽ പ്രവേശിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുന്നതായിരിക്കും. സ്‌ക്രീന്‍ ഷെയര്‍, എനി ഡെസ്‌ക്, ടീം വ്യൂവര്‍ എന്നിവയാണ് പ്രമുഖ സ്ക്രീൻ ഷെയറിങ് ആപ്പുകൾ. ​യുപിഐ ആപ്പുകൾ ഉപയോ​ഗിക്കുന്ന ഫോണില്‍ ഒരു കാരണവശാലും ഇത്തരം ആപ്പുകൾ ഉപയോ​ഗിക്കരുത് എന്ന് ​പ്രത്യേകം ഓർമ്മിപ്പിക്കുന്നു. നിങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടം സംഭവിക്കാൻ ഇത് കാരണമായേക്കാം.
ഇതിന് പുറമെ അജ്ഞാതമായി നിങ്ങൾക്ക് ലഭിക്കുന്ന ഇമെയിലുകൾ, എസ്എംഎസുകൾ, സോഷ്യൽ മീഡിയ സന്ദേശങ്ങൾ എന്നിവ അവഗണിക്കണമെന്നും വിദഗ്ദർ പറയുന്നു. ഇത്തരം സന്ദേശങ്ങളിൽ‌ നൽകിയിരിക്കുന്ന ലിങ്കുകളിൽ ഒരു കാരണവശാലും ക്ലിക്ക് ചെയ്യതുത് മാൽവെയറുകൾ നിറഞ്ഞ വെബ്സൈറ്റുകളിലേക്ക് ആയിരിക്കും ഈ ലിങ്കുകൾ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുക. ഇതിലൂടെ നിങ്ങളുടെ ഫോണിന്റെ ആക്സസ് തട്ടിപ്പുകർക്ക് ലഭിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ ഇത്തരം സന്ദേശങ്ങളോടും ജാഗ്രത പുലർത്തുക .

Advertisement