ശ്രീന​ഗർ: ദശാബ്ദങ്ങൾക്ക് ശേഷം, പുതിയ തീയേറ്ററിനെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് കശ്മീർ താഴ്‌വര.

30 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് താഴ്വരയിൽ ഒരു തിയേറ്റർ പ്രവർത്തനമാരംഭിക്കുന്നത്. ശ്രീനഗറിൽ നിന്നുള്ള പ്രമുഖ വ്യവസായിയായ വികാസ് ധാർ ആണ് ഇനോക്സുമായി ചേർന്ന് താഴ്വരയിൽ മൾട്ടിപ്ലെക്സ് തീയേറ്റർ തുറക്കുന്നത്.

1990ന്റെ തുടക്കത്തിൽ, കശ്മീർ താഴ്‌വര മതമൗലികവാദികളുടെ നിയന്ത്രണത്തിൽ അമർന്നപ്പോൾ ആദ്യം ചെയ്തത് കലാസാംസ്കാരിക പരിപാടികൾ കൂട്ടത്തോടെ നിരോധിക്കുകയായിരുന്നു. കലാകാരന്മാരെ കൂട്ടക്കൊല ചെയ്തു, തീയേറ്ററുകൾ ഒന്നൊന്നായി കത്തിച്ചു കളഞ്ഞു, ആട്ടവും പാട്ടവും നിരോധിച്ചു. താലിബാൻ ഭരണത്തിന്റെ പിടിയിലമർന്ന അഫ്ഗാനിസ്ഥാൻ പോലെയായിരുന്നു കശ്‍മീർ അക്കാലത്ത്.

പിന്നീട് കഴിഞ്ഞ ഇരുപത് വർഷവും വെടിയൊച്ചകളുടെയും ബോംബ് സ്ഫോടനങ്ങളുടെയും ശബ്ദത്താൽ മുഖരിതമായിരുന്നു കശ്മീർ. ഒടുക്കം 2019ൽ, ജമ്മു കശ്മീർ സംസ്ഥാനത്തിന് പ്രത്യേക പദവി കേന്ദ്രസർക്കാർ എടുത്തു കളഞ്ഞതോടെ തീവ്രവാദികൾക്ക് പൂട്ടു വീണു. അങ്ങനെ, മൂന്നു ദശാബ്ദങ്ങൾക്ക് ശേഷം കശ്മീർ ജനത വീണ്ടും സിനിമകൾ ആസ്വദിച്ചു തുടങ്ങുന്നു.