കര്‍ഷകര്‍ക്ക് വേണ്ടി ആപ്പുമായി ഐടിസി, കാര്‍ഷികോത്പന്നങ്ങളുടെ സംഭരണവും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കലും ലക്ഷ്യം

കൊല്‍ക്കത്ത: കര്‍ഷകര്‍ക്ക് താങ്ങാകാന്‍ സൂപ്പര്‍ ആപ്പുമായി ഐടിസി ലിമിറ്റഡ്. ഏഴ് സംസ്ഥാനങ്ങളിലാണ് പ്രാഥമിക ഘട്ടത്തില്‍ ആപ്പിന്റെ സേവനങ്ങള്‍ ലഭ്യമാകുക.

200 കാര്‍ഷികോത്പാദന സംഘടനകളെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗോതമ്പ്, നെല്ല്, സോയ, മുളക് എന്നിവ ഉത്പാദിപ്പിക്കുന്നവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനും 20 ഓളെ ഉത്പന്നങ്ങളെ ഇതില്‍ ഉള്‍പ്പെടുത്താനുമാണ് ആലോചന.

മെറ്റാ മാര്‍ക്കറ്റ് ഫോര്‍ അഡ്വാന്‍സ് അഗ്രികള്‍ച്ചറല്‍ റൂറല്‍ സര്‍വീസ് എന്നതിന്റെ ചുരുക്കെഴുത്തായ മാഴ്‌സ് എന്നാണ് ആപ്പിന് പേര് നല്‍കിയിട്ടുള്ളത്. കര്‍ഷകര്‍ക്ക് ഇത് വഴി നിര്‍മ്മിത ബുദ്ധിയുടെ സാങ്കേതിക സഹായങ്ങളും ലഭ്യമാക്കും. ഒരു കോടിയോളം കര്‍ഷകര്‍ ഉള്‍പ്പെടുന്ന നാലായിരത്തോളം കാര്‍ഷിക സംഘടനകളെ ആപ്പില്‍ ഉള്‍പ്പെടുത്തും.

ശാസ്ത്രീയമായ വിള ചക്രം മനസിലാക്കാനായി വിള കലണ്ടറും ഇതില്‍ ഉള്‍പ്പെടുത്തും. ഒരു തത്സമയ വിള ഡോക്ടറുടെ സേവനവും കര്‍ഷകര്‍ക്ക് ലഭ്യമാകും. കീടനാശിനി പ്രയോഗം, നല്ല ഗുണനിലവാരമുള്ള വിത്തുകള്‍ ലഭ്യമാക്കല്‍, വിപണി സാധ്യതകളെക്കുറിച്ചുള്ള ഉപദേശം തുടങ്ങിയ സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും. മണ്ണ് പരിശോധന, ധനസഹായം തുടങ്ങിയവയും ഇതിലൂടെ ലഭിക്കും.

തികച്ചും സൗജന്യമായാകും ആപ്പിന്റെ പ്രവര്‍ത്തനം. അടുത്തുള്ള വിപണിയില്‍ അവരുടെ ഉത്പന്നങ്ങള്‍ക്ക് ലഭ്യമാകുന്ന വില പരിശോധിക്കാനും സാധിക്കും. വിളകള്‍ ഐടിസിക്ക് വില്‍ക്കാനുള്ള അവസരവുമുണ്ട്. പ്രതിവര്‍ഷം 40 ലക്ഷം ടണ്‍ ധാന്യങ്ങള്‍ ഐടിസി സംഭരിക്കുന്നുണ്ട്.

രാജ്യത്തെ കാര്‍ഷിക പരിസ്ഥിതിയെ മാറ്റി മറിക്കാന്‍ ഇത് സഹായകാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി പറഞ്ഞു. രാജ്യത്ത് നിന്ന് ഏറ്റവും അധികം കാര്‍ഷിക വിഭവങ്ങള്‍ കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് ഐടിസി. ഹോട്ടലുകള്‍ക്കും ഭക്ഷ്യ വ്യവസായ മേഖലയുടെയും ഏറ്റവും വലിയ ഉപഭോക്താക്കള്‍ കൂടിയാണ് ഇവര്‍.

Advertisement