കേന്ദ്രത്തിന്റെ കാര്‍ഷിക നയങ്ങളെ വിമര്‍ശിച്ച് ആര്‍എസ്എസ് ബന്ധമുള്ള കര്‍ഷക സംഘടനകളും രംഗത്ത്


ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഇറക്കുമതി -കയറ്റുമതി നയങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനങ്ങളുമായി ഭാരതീയ കിസാന്‍ സംഘ് രംഗത്ത്. ആര്‍എസ്എസ് അനുകൂല സംഘടനയാണിത്. കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന വിധത്തിലുള്ള ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കയറ്റ്- ഇറക്കുമതി നയങ്ങള്‍ വിഭാവന ചെയ്യണമെന്നും ബികെഎസ് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

വിളകള്‍ പാകമാകുമ്പോഴേക്കും കേന്ദ്ര സര്‍ക്കാര്‍ ഇവ വന്‍ തോതില്‍ ഇറക്കുമതി ചെയ്യാന്‍ ഉത്തരവിറക്കുന്നതായി കഴിഞ്ഞ ദിവസം റായ്പൂരില്‍ ചേര്‍ന്ന അഖിലേന്ത്യ സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. ഇറക്കുമതി തീരുവ കുറയ്ക്കാനോ നീക്കാനോ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഇതും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. സര്‍ക്കാരിന്റെ ഈ നയങ്ങള്‍ ഏറ്റവും അധികം ബാധിക്കുന്നത് ഉള്ളി, എണ്ണ, പയര്‍് കര്‍ഷകരെയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അത് പോലെ തന്നെ ഏതെങ്കിലും വിളകള്‍ അധികമായി ഉത്പാദിപ്പിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ അതിന്റെ കയറ്റുമതി നിരോധിക്കുന്നു. ഇത് പലവട്ടം അനുഭവിച്ചിട്ടുള്ളതാണ്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഇത്തരം നടപടികള്‍ കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കുക മാത്രമല്ല ദേശതാത്പര്യത്തെ ഹനിക്കുകയും ചെയ്യുന്നു. ഇറക്കുമതി ചെയ്യുമ്പോള്‍ വിദേശപണം അനാവശ്യമായി ചെലവഴിക്കപ്പെടുക കൂടി ചെയ്യുന്നു.

തെറ്റായ നയങ്ങള്‍ പോലും കാര്‍ഷിക വിഭവങ്ങളുടെ വില ഇടിയുകയും ഇതോടെ അടുത്ത സീസണില്‍ കര്‍ഷകര്‍ കൃഷി ഇറക്കാതാകുകയും ചെയ്യുന്നു. ഇതോടെ ഉത്പാദനം ഇല്ലാതാകുകയും ഇറക്കുമതി ചെയ്യേണ്ടി വരികയും ചെയ്യുന്നു. കൃഷി ചെയ്യുന്ന ഭൂമിയുടെ കൃത്യമായ കണക്കുകള്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ കൈവശമുണ്ടായിട്ടും ഇതനുസരിച്ചുള്ള നയ രൂപീകരണത്തിന് അധികൃതര്‍ തയാറാകുന്നില്ല. മാത്രമല്ല കൃത്യമാ കാരണങ്ങളില്ലാതെ കയറ്റുമതിയും ഇറക്കുമതിയും നിരോധിക്കുകയും ചെയ്യുന്നു.

കയറ്റുമതി സബ്‌സിഡി അനുവദിക്കണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ട് വയ്ക്കുന്നു.

Advertisement