ശ്രീനാരായണഗുരുവിന്റെ ഭാഷാചർച്ച കരുനാഗപ്പള്ളിയിൽ

കരുനാഗപ്പള്ളിരേഖകൾ -4

ഡോ. സുരേഷ് മാധവ്
കരുനാഗപ്പള്ളി ഡിവിഷനിൽ ഉൾപ്പെട്ടിരുന്ന വാരണപ്പള്ളി തറവാട്ടിലാണല്ലോ, ഏതാണ്ട് 150വർഷം മുമ്പ് കുമ്മമ്പള്ളിൽ രാമൻപിള്ള ആശാന്റെ ശിക്ഷണത്തിൽ ശ്രീനാരായണഗുരു (1855-1928)സംസ്കൃതപഠനം നടത്തിയത്.പിന്നീട് പല തവണ ഗുരു, കരുനാഗപ്പള്ളി സന്ദർശിക്കുകയുണ്ടായി.എസ് എൻ ഡി പി യോഗത്തിന്റെ (1903)ആദ്യകാലം മുതൽ സംഘടനയ്ക്ക് ആളും അർത്ഥവും നൽകുന്നതിൽ കരുനാഗപ്പള്ളിക്കാർ മുന്നിലായിരുന്നുവെന്ന് “വിവേകോദയം”മാസികയിൽ കുമാരനാശാൻ എഴുതിയ കുറിപ്പുകളിൽ നിന്നറിയാം.
കൊല്ലവർഷം 1099മീനമാസത്തിൽ (AD 1924 മാർച്ച്‌ )കരുനാഗപ്പള്ളി കോഴിക്കോട് കന്നിനേഴത്ത് ക്ഷേത്രം, തുറയിൽകുന്ന് സുബ്രഹ്മണ്യക്ഷേത്രം എന്നിവ സന്ദർശിച്ചശേഷം വിശ്രമിക്കുമ്പോൾ, പ്രമുഖപണ്ഡിതനായ പന്നിശ്ശേരി നാണുപിള്ള (1885-1942), ഒരു ഇസ്ലാം ചിന്തകനൊപ്പം ഗുരുവിനെ കാണാനെത്തി. ച മതപരമായ ചില സംശയങ്ങൾ ഉന്നയിച്ച മൗലവിയ്ക്ക് മറുപടിയായി, സൂഫിസമ്പ്രദായവും അദ്വൈതദർശനവും തമ്മിലുള്ള സാമ്യതകൾ ചൂണ്ടിക്കാണിച്ച്, “പല മതസാരവുമേകം “എന്ന സ്വദർശനം നാരായണഗുരു ബോധ്യപ്പെടുത്തി. മൗലവിയ്ക്കും വലിയ സന്തോഷമായി. അന്നു വൈകിട്ട് പന്നിശ്ശേരി നാണുപിള്ള, ഗുരുവിനെ സ്വന്തം തറവാട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുപോയി. നർമസാരവും ധർമസാരവും അനുഗ്രഹവും പകർന്ന്, അനുയായികൾക്കൊപ്പം തിരിച്ചുപോകും വഴി പന്നിശ്ശേരിയും കരിങ്ങാട്ടിൽ നാണു ആശാനും ഗുരുവുമായി ഭാഷാചർച്ച ആരംഭിച്ചു.

ആയിടെ പ്രസിദ്ധീകരിച്ച വ്യാകരണഗ്രന്ഥമായ “ലീലാതിലക”മായിരുന്നു സംഭാഷണവിഷയം. നന്നൂൽ, തൊൽക്കാപ്പിയംതുടങ്ങിയ പ്രാചീനകൃതികൾ ഉദാഹരിച്ച് ഗുരു വിശദമായി സംസാരിക്കാൻ തുടങ്ങി.”ലീലാതിലകം മലയാളികളുടെ പ്രാചീനമായ വ്യാകരണഗ്രന്ഥമാണെ”ന്ന് ആരോ ഒരാൾ പറഞ്ഞപ്പോൾ, ഗുരു ഇങ്ങനെ തിരുത്തി :-“മലയാളികളുടെ എന്നു പറയുന്നത് അത്ര ശരിയാണെന്നു തോന്നുന്നില്ല. മലയാളത്തിലെ എന്നുപറഞ്ഞാൽ ഏതാണ്ട് ശരിയാകും. ഒരായിരം കൊല്ലത്തിനു മുമ്പ് ഉണ്ടായിട്ടുള്ള എല്ലാ തമിഴ്ഗ്രന്ഥങ്ങളും മലയാളികൾക്കും അവകാശപ്പെടാവുന്ന പൂർവസ്വത്താണ് “. ഗുരുവിന്റെ ഈ അഭിപ്രായത്തിന് ചരിത്രബോധത്തിന്റെ പത്തരമാറ്റുണ്ടെന്ന്‌, ശ്രേഷ്ഠഭാഷാപദവിയുടെ കാര്യത്തിൽ ആദ്യതവണ കേരളം പിന്തള്ള പ്പെട്ടപ്പോൾ നമ്മൾ മനസിലാക്കിയില്ല!ഒരായിരം കൊല്ലത്തിനു മുമ്പ് ഉണ്ടായ സംഘത്തമിഴ്സാഹിത്യം പരിശോധിച്ച്, അതിൽ മലയാളവും മലയാളികളും ഉണ്ടെന്ന് കേന്ദ്രസർക്കാരിന് ചൂണ്ടികാണിച്ചുകൊടുത്തപ്പോഴാണ് നമുക്ക് ക്ലാസിക്കൽഭാഷാപദവി കിട്ടിയത്.

എന്നിട്ടും ഗുരുവിന്റെ വാക്കുകൾ നമ്മുടെ പണ്ഡിതൻമാരുടെ കണ്ണിൽ പെട്ടില്ല!മലയാളഭാഷയുടെ പഴക്കത്തെക്കുറിച്ച്, ശ്രീനാരായണഗുരു ആധികാരികമായും (ആദ്യമായും)പറഞ്ഞ അഭിപ്രായത്തെ ചരിത്രരേഖയാക്കിയ പുല്ലന്തറ ആർ. കാർത്തികേയൻ (1900-1979)എന്ന ഭാഷാപണ്ഡിതനോട്‌ സ്വന്തം നാട്ടുകാർ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. ഈ ഭാഷാചർച്ചയ്ക്ക് അദ്ദേഹം സാക്ഷിയായിരുന്നു. സി. പി അരുമനായകപണിക്കരുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചിരുന്ന “തങ്കത്താലം”മാസികയിലാണ് (1979)”ശ്രീനാരായണഗുരു കരുനാഗപ്പള്ളിയിൽ എന്ന ലേഖനം പ്രസിദ്ധീകരിച്ചത്. പണിക്കരും മാസികയും കരുനാഗപ്പള്ളിക്കാരുടെ സ്വന്തം വക തന്നെ.

Advertisement