കരുനാഗപ്പള്ളി മജിസ്ട്രേറ്റിന്‍റെ കാര്‍ പാര്‍ക്കിംഗ്, അഭിഭാഷകരും റവന്യൂ ജീവനക്കാരും ഏറ്റുമുട്ടി

കരുനാഗപ്പള്ളി. ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റിന്‍റെ കാര്‍ പാര്‍ക്കിംഗിനെ ചൊല്ലി കരുനാഗപ്പളളി സിവില്‍സ്റ്റേഷനുള്ളില്‍ അഭിഭാഷകരും റവന്യൂ ജീവനക്കാരും തമ്മില്‍ സംഘര്‍ഷം.കോടതിയോട് ചേര്‍ന്നുള്ള
വില്ലേജ് ഓഫീസില്‍ എത്തുന്നവര്‍ക്ക് ഗതാഗത തടസ്സം സൃഷ്ടിക്കും വിധം പാര്‍ക്ക് ചെയ്യുന്ന മജിസ്ട്രേറ്റിന്‍റെ കാര്‍ അവിടെ നിന്നും മാറ്റണമെന്ന കരുനാഗപ്പള്ളി വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മജിസ്ട്രേറ്റിന്‍റെ കാര്‍ഷെഡ് അടക്കം അടുത്തിടെ പൊളിച്ചു മാറ്റിയിരുന്നു. ഇതോടെ തന്‍റെ ചേംബറിന് മുന്നിലായാണ് മജിസ്ട്രേറ്റ് കാര്‍ പാര്‍ക്ക് ചെയ്തിരുന്നത്.ഇതിനോട് ചേര്‍ന്നാണ് വില്ലേജ് ഓഫീസും പ്രവര്‍ത്തിക്കുന്നത്. മാര്‍ഗതടസ്സം ശ്രദ്ധയില്‍പെട്ട വില്ലേജ് ഓഫീസര്‍ കാര്‍ മാറ്റണമെന്ന് കോടതി ഡ്യൂട്ടിയിലുള്ള പോലീസിനോട് ആവശ്യപ്പെട്ടു. അവര്‍ വിവരം മജിസ്ട്രേറ്റിനെ ധരിപ്പിച്ചതോടെ വിഷയം തഹസീല്‍ദാരുടെ മുന്നിലെത്തി.

വിവരമറിഞ്ഞ് അഭിഭാഷകരും സംഘടിച്ചു.തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍റെ നേതൃത്വത്തില്‍ അഭിഭാഷകരും വില്ലേജ് ഓഫീസറുമായി വാക്കുതര്‍ക്കമായി. റവന്യൂ ജീവനക്കാര്‍ കൂടി പ്രശ്നത്തില്‍ ഇടപെട്ടതോടെ കയ്യാങ്കളിയുടെ വക്കിലായി കാര്യങ്ങള്‍. ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ച ശേഷവും കോട്ടിട്ട ഗുണ്ടകളെന്ന് വിളിച്ച് റവന്യൂ ജീവനക്കാര്‍ കോടതി പരിസരത്ത് വെല്ലുവിളി പ്രകടനം നടത്തിയത് അഭിഭാഷകരെ ചൊടിപ്പിച്ചിട്ടുണ്ട്.

Advertisement