യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ,കൊല്ലം നഗരത്തിലേക്കുള്ള 3 പ്രധാന റോഡുകൾ അടച്ചു

കൊല്ലം നവീകരണ പ്രവർത്തനങ്ങൾക്കായി നഗരത്തിലേക്കുള്ള 3 പ്രധാന പാതകൾ അടച്ചു. എസ്പി ഓഫിസ് റെയിൽവേ മേൽപാലം, ബീച്ചിലേക്കുള്ള കൊച്ചുപിലാംമൂട് പാലം എന്നിവ അറ്റകുറ്റപ്പണികൾക്കായും ലക്ഷ്മിനട–ആൽത്തറമൂട് റോഡ് ഓട നിർമാണത്തിനായും ആണ് അടച്ചിടുന്നത്. പ്രധാനപ്പെട്ട രണ്ടു പാലങ്ങൾ അടച്ചിടുന്നതോടെ കൊല്ലം നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കായിരിക്കും അനുഭവപ്പെടാൻ പോകുന്നത്.

എസ്എംപി പാലസ് റെയിൽവേ ഗേറ്റ്, ചിന്നക്കട, തീരദേശ പാത എന്നിവ വഴിയാണ് ഇനി ഗതാഗതം തിരിച്ചു വിടുന്നത്. കൊല്ലം ബീച്ചിലേക്കും പള്ളിത്തോട്ടം ഭാഗത്തേക്കും പോകേണ്ടവർ തീരദേശ റോഡ്, പണ്ടകശാല പാലം എന്നീ വഴികളിലൂടെ പോകേണ്ടി വരും. ചിന്നക്കടയിലെ തിരക്കിലേക്ക് കൂടുതൽ വാഹനങ്ങൾ എത്തുന്നതും എസ്എംപി പാലസ് റോഡിലെ റെയിൽവേ ഗേറ്റും ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ ഇടയാകും.

എസ്എംപി പാലസ് റോഡ് ഓട നിർമാണത്തിനു പൊളിച്ചിട്ട് ഇതു വരെ ടാർ ചെയ്തിട്ടില്ല. ഇതും കുരുക്ക് വർധിക്കാൻ കാരണമാകും.
നഗരത്തിലെ പ്രധാനപാതകൾ എല്ലാം കോർപറേഷൻ, ജലവിഭവ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, ഹാർബർ എൻജിനീയറിങ് വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ പലവിധ ജോലികൾക്കായി കുത്തിപ്പൊളിച്ചിട്ടിരിക്കുന്ന അവസ്ഥയിലാണ്. പ്രധാനമായും ഞാങ്കടവ് പദ്ധതിക്ക് പൈപ്പിടുന്ന ജോലികൾക്കായാണ് റോഡുകൾ പൊളിച്ചിരിക്കുന്നത്. പൈപ്പിടുന്ന ജോലികൾ ജലവിഭവ വകുപ്പ് സമയബന്ധിതമായി തീർത്ത് റോഡ് കൈമാറിയിട്ടും ടാറിങ് ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല

കല്ലുപാലത്തിനു സമീപം ലക്ഷ്മിനട മുതൽ ആൽത്തറമൂട് വരെ ഇന്നു മുതൽ 45 ദിവസത്തേക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു ഭാഗത്ത് 3 വർഷമായി പണി നടക്കുന്ന കല്ലുപാലം അടഞ്ഞു കിടക്കുന്നു, മറുവശത്തു ഗതാഗത നിരോധനം കൂടി വരുന്നതോടെ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാതെ നിവൃത്തിയില്ല എന്നാണു വ്യാപാരികൾ പറയുന്നത്.

എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ അടുത്തു വരുന്നതും കോവിഡ് നിയന്ത്രണങ്ങൾ ഒഴിവായതും േ നഗരത്തിലെ റോഡുകളിൽ തിരക്കേറാനിടയാക്കും. ഇതൊന്നും കണക്കിലെടുക്കാതെ റോഡുകൾ അടയ്ക്കുന്നതു ജനത്തെ കൂടുതൽ വലയ്ക്കും.

Advertisement