ഭരണിക്കാവ് കാഷ്യൂ ഫാക്ടറി വളവിൽ കാഴ്ച മറച്ച് കൂറ്റൻ ഫ്ലക്സ് ബോർഡ്

ശാസ്താംകോട്ട : ഭരണിക്കാവ് – വണ്ടിപ്പെരിയാർ ദേശീയപാത,കൊട്ടാരക്കര  പാത എന്നിവ കടന്നുപോകുന്ന ഭരണിക്കാവ് – സിനിമാപറമ്പ് റൂട്ടിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ ഫ്ലക്സ് ബോർഡ് അപകട ഭീഷണിയാകുന്നു.ഭരണിക്കാവ് കാഷ്യൂ ഫാക്ടറിയുടെ മതിലിനോട് ചേർന്നുള്ള
വളവിലാണ് കാഴ്ച മറച്ച് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.സർക്കാർ ഉടമസ്ഥതയിലുള്ള
കെ.എസ്.ഡി.സിയാണ് കശുവണ്ടി പരിപ്പിന്റെ പരസ്യവുമായി ബന്ധപ്പെട്ട
ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

സിനിമാപറമ്പിൽ നിന്നും ഭരണിക്കാവിലേക്ക് വരുന്ന വാഹനങ്ങൾ മണയ്ക്കാട്ട് മുക്കിലെ വളവ് തിരിയുമ്പോൾ ഡ്രൈവർമാരുടെയും യാത്രക്കാരുടെയും ശ്രദ്ധ പതിയുന്ന തരത്തിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.തിരക്കേറിയ പാതയിൽ വലിയ അപകടങ്ങളിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.ബോർഡ് മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണെങ്കിലും അധികൃതർ ചെവിക്കൊണ്ടിട്ടില്ല.അതിനിടെ
പാതയോരങ്ങളിൽ കാഴ്ച മറയും വിധം ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഹൈക്കോടതിയുടെ നിരോധനം നിലനിൽക്കുമ്പോഴാണ് സർക്കാരിനു കീഴിലുള്ള സ്ഥാപനം നിയമലംഘനം നടത്തുന്നത്.

Advertisement