കെഎസ്ആര്‍ടിസി ബസിടിച്ച് ഗ്യാസ് സിലിണ്ടര്‍ കയറ്റി പോകുകയായിരുന്ന പെട്ടിഓട്ടോ മറിഞ്ഞു

കൊട്ടിയം: ദേശീയപാതയിലൂടെ ഗ്യാസ് സിലിണ്ടര്‍ കയറ്റി പോകുകയായിരുന്ന പെട്ടി ഓട്ടോയില്‍ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിടിച്ച് പെട്ടി ആട്ടോ മറിഞ്ഞു. പെട്ടിആട്ടോ ഡ്രൈവര്‍ തട്ടാര്‍കോണം ചന്ദ്ര ഭവനത്തില്‍ ചന്ദ്രബാബു (62), സഹായി കരിക്കോട് മേക്കോണ്‍ സ്വദേശി ഷിഹാബ് എന്നിവര്‍ക്ക് പരിക്കേറ്റു.
നിറ സിലിണ്ടറുകളും ഓട്ടോയിലുണ്ടായിരുന്നവരും അടുത്തുള്ള ഓടയിലേക്ക് വീണു. വലിയ അപകടമാണ് ഒഴിവായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെ പഴയാറ്റിന്‍ കുഴിയിലായിരുന്നു അപകടം. തഴുത്തലയിലെ ഇന്‍ഡേന്‍ ഏജന്‍സിയില്‍ നിന്നും 24 സിലിണ്ടറുകളുമായി കൊല്ലം ഭാഗത്തേക്ക് വിതരണത്തിനായി പോകുകയായിരുന്ന ഓട്ടോയില്‍ അതേ ദിശയില്‍ തന്നെ കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ബസിന്റെ പുറകുവശമാണ് ഇടിച്ചത്. ഉടന്‍ തന്നെ ഓട്ടോയില്‍ നിന്ന് പുക ഉയരുകയും സിലിണ്ടറുകള്‍ ചിതറി കിടക്കുകയും ചെയ്തതോടെ നാട്ടുകാര്‍ക്ക് രക്ഷാപ്രവര്‍ത്തനം നടത്താനായില്ല. പിന്നീട് കൊല്ലത്ത് നിന്ന് അഗ്നിരക്ഷാ സംഘമെത്തിയാണ് സിലിണ്ടറുകള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. ഡ്രൈവറെയും സഹായിയെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Advertisement