വിദേശികൾക്ക് മുന്നിലും താരമായി കൊടിക്കുന്നിൽ

ശാസ്താംകോട്ട : കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാൻ എത്തിയതാണ് മൂന്ന് വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള യുവ സുഹൃത്തുക്കൾ.മൂന്നുപേരും വിഭിന്നമായ തൊഴിൽ മേഖലയിലുള്ളവർ.അയർലണ്ടുകാരി
മിഷാൽ അധ്യാപികയാണ്,വിഷയം സോഷ്യൽ സയൻസ്.ജർമൻ സ്വദേശിയായ ജോൺ ഗട്ടോറിയൽ പഞ്ചനക്ഷത്ര ഹോട്ടലിലെ ഷെഫാണ്.ജർമ്മനിയിൽ നിന്നുള്ള ഫാവിൻലാ മെയിൽ നഴ്സാണ്.മൂവരും കൂടി
മൺട്രോതുരുത്തിലെ പേഴുംതുരുത്ത് ഗ്രാമത്തിലെ മാടക്കടയിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ്
മാവേലിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് പര്യടന പരിപാടിയുമായി അതുവഴി വരുന്നത്.കേരളത്തെ കുറിച്ച് അറിയാൻ കൃത്യമായ വിവരങ്ങൾ കിട്ടാൻ ഭാഷ തടസ്സമായി നിൽക്കുമ്പോഴാണ് ആകസ്മികമായി കൊടിക്കുന്നിലിനെ കാണുന്നത്.മൂന്നു പേർക്കും ചെറിയ ചെറിയ ലക്ഷ്യങ്ങളെ ഉള്ളൂ.ജോണിന് കേരളത്തിന്റെ തനത് രുചി വൈവിധ്യം ആസ്വദിക്കണം പഠിക്കണം.ഫാവിൻലായ്ക്ക് മലയാളികൾ വ്യാപകമായി മെഡിക്കൽ ഫീൽഡ് തെരഞ്ഞെടുക്കാനുള്ള കാരണമാണ് അറിയേണ്ടത്.ആനുകാലികങ്ങളിൽ കോളം എഴുതുന്ന മിഷാലിന് തനിക്കുള്ള വിഭവങ്ങൾ കണ്ടെത്തണം.കാര്യം അറിഞ്ഞ മാത്രയിൽ തന്റെ നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കുട്ടനാടും ചെങ്ങന്നൂരും സന്ദർശിച്ചാൽ നിങ്ങൾക്ക് വേണ്ട മുഴുവൻ വിവരങ്ങളും ലഭിക്കുമെന്ന് കൊടിക്കുന്നിൽ മൂവർക്കും ഉറപ്പ് നൽകി.കുട്ടനാട് രുചി വൈവിധ്യത്തിന്റെ കലവറയാണ്.ആരോഗ്യമേഖലയിൽ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്ന ഒരു പ്രദേശമാണ് ചെങ്ങന്നൂർ.കൂടുതൽ സംശയങ്ങൾ യുവാക്കൾ ഉന്നയിച്ചപ്പോൾ താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥിയാണെന്നും തിരക്കുണ്ടെന്നും പറഞ്ഞു.അവർക്ക് വേണ്ട വിവരങ്ങളും സഹായവും ചെയ്തു നൽകാൻ സ്റ്റാഫ് വിഷ്ണു ഉണ്ണിത്താനെ ചുമതലപ്പെടുത്തി.
ഇന്ത്യൻ പാർലമെന്റിലേക്കാണ് മത്സരിക്കുന്നതെന്നും ഇപ്പോൾ സീനിയർ എം.പി ആണെന്നും കൂടി അറിഞ്ഞപ്പോൾ മിഷാലിന് വലിയ അത്ഭുതം.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഏറ്റവും സീനിയറായ,സിംപിളായ ജനപ്രതിനിധിയോടാണല്ലോ തങ്ങൾ ഇത്രയും നേരം അടുത്തിടപഴുകിയതെന്ന അമ്പരപ്പായിരുന്നു അവർക്ക്.അങ്ങനെയെങ്കിൽ ഒരുമിച്ചൊരു ഫോട്ടോ എടുക്കണമെന്നായി.അവരോടൊപ്പം ഫോട്ടോ എടുത്ത ശേഷമാണ് ചുട്ടു പൊള്ളുന്ന വെയിലത്ത് തന്നെ കാത്തു കിടക്കുന്ന തുറന്ന വാഹനത്തിലേക്ക് കൊടിക്കുന്നിൽ കയറിയത്.

Advertisement