കെട്ടുകാളയുടെ ഫോട്ടോ എടുത്തതിനെ ചൊല്ലി തര്‍ക്കം:യുവാവിനെയും സുഹൃത്തിനേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍

Advertisement

ഓച്ചിറ. കാളകെട്ട് ഉത്സവത്തോടനുബന്ധിച്ച് കെട്ടുകാളയുടെ ഫോട്ടോ എടുത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവിനേയും സുഹൃത്തിനേയും ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. കുലശേഖരപുരം, ചന്ദ്രലയം വീട്ടില്‍ ചന്ദ്രന്‍ മകന്‍ വിഷ്ണു (25) ആണ് ഓച്ചിറ പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ഓച്ചിറ കാളകെട്ട് ഉത്സവം കാണാന്‍ എത്തിയ കുലശേഖരപുരം, കടത്തൂര്‍ സ്വദേശിയായ സൂര്യ നാരായണന്‍റെ സുഹൃത്തായ അശ്വനിദേവ് കെട്ടുകാളയുടെ ഫോട്ടോ എടുത്തത് പ്രതിയുടെ സുഹൃത്തായ അജിത്ത് ചോദ്യം ചെയ്യുകയും ഇയാളെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ സൂര്യ നാരായണനേയും മറ്റൊരു സുഹൃത്തായ ജസ്റ്റിനേയും പ്രതികള്‍ സംഘം ചേര്‍ന്ന് കമ്പി വടിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.

ആക്രമണത്തില്‍ സൂര്യ നാരായണന് സാരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഓച്ചിറ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അക്രമസംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികളെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. ഈ കേസിലെ അഞ്ചാം പ്രതിയാണ് ഇപ്പോള്‍ പിടിയിലായ വിഷ്ണു. ഓച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ നിസ്സാമുദ്ദീന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Advertisement