ഒന്നര വയസ്സുകാരി ശ്രീവേദയുടെ കളിചിരികൾ നീണ്ടു നിൽക്കാൻ കാരുണ്യം തേടി നിർധന കുടുംബം

ശാസ്താംകോട്ട.ഒന്നര വയസ്സുകാരി ശ്രീവേദയുടെ കളിചിരികൾ നീണ്ടു നിൽക്കാൻ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് സുമനസ്സുകളുടെ കാരുണ്യം തേടി നിർദ്ധന കുടുംബം.മുതുപിലാക്കാട് കിഴക്ക് മഴവില്ലിൽ ശ്രീജിത്തിന്റെയും അഞ്ജുവിന്റെയും ഇളയ മകളാണ് ശ്രീവേദ.കണ്ണിന്റെ ചികിത്സയ്ക്കായി വിവിധ ആശുപത്രികളിൽ കയറിയിറങ്ങിയ ശേഷം ഒടുവിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്.

ഇവിടെ ജെനിറ്റിക് വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ.ശങ്കറിന്റെ മേൽനോട്ടത്തിൽ മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിലാണ് മജ്ജ മാറ്റിവയ്ക്കലിന് നിർദ്ദേശിച്ചത്.ഇതിനായി വെല്ലൂർ മെഡിക്കൽ കോളേജിലോ,ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലോ ചികിത്സ ഉറപ്പാക്കണമെന്നുമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.6 മാസത്തിനുള്ളിൽ ശസ്ത്രക്രിയ നടത്തണം.

സഹോദരി ശ്രീബാലയും(9) മാതാപിതാക്കളും ശ്രീവേദയുടെ ജീവൻ രക്ഷപ്പെടുത്താൻ മജ്ജ നൽകാൻ തയ്യാറാണ്.എന്നാൽ ചികിത്സയ്ക്ക് വേണ്ടി വരുന്ന 45 ലക്ഷം രൂപ എങ്ങനെ കണ്ടെത്തുമെന്ന ആധിയിലാണ് സിനിമാപറമ്പ് വഞ്ചിമുക്കിൽ പാതയോരത്ത് മത്സ്യ കച്ചവടം നടത്തുന്ന ശ്രീജിത്തും വീട്ടമ്മയായ അഞ്ജുവും.കുഞ്ഞിന്റെ ചികിത്സക്കായി പണം കണ്ടെത്താൻ ശാസ്താംകോട്ട പഞ്ചായത്തംഗം അനിൽ തുമ്പോടൻ ചെയർമാനായും തുളസീധരൻ പിള്ള കൺവീനറായും ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.ശ്രീജിത്തിന്റെ പേരിൽ ഇന്ത്യൻ ബാങ്ക് ഭരണിക്കാവ് ശാഖയിൽ ആരംഭിച്ച അക്കൗണ്ടിലൂടെ കരുണ വറ്റാത്തവരുടെ സഹായം പ്രതീക്ഷിച്ചിരിക്കുകയാണ് നിർദ്ധന കുടുംബം.
അക്കൗണ്ട് നമ്പർ: 7528528985.ഐഎഫ്സി:IDIB000B07ഗൂഗിൾ പേ:8606736145.

Advertisement