ആലപ്പാട് ഗ്രാമപ്പഞ്ചായത്തിനെ സി ആർ സെഡ് സോൺ-രണ്ടിൽ ഉൾപ്പെടുത്തണം; മുഖ്യമന്ത്രിക്ക് കെസി വേണുഗോപാൽ എംപി കത്തുനൽകി

ഓച്ചിറ . ആലപ്പാട് ഗ്രാമപ്പഞ്ചായത്തിനെ സി.ആർ.സെഡ് സോൺ – രണ്ടിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കെ.സി വേണുഗോപാൽ എം.പി മുഖ്യമന്ത്രിക്കും തീരദേശ പരിപാലന അതോറിറ്റിക്കും കത്തയച്ചു. സി.ആർ.സെഡ് 2019 വിജ്ഞാപനത്തിൻ്റെ തീരപരിപാലന പ്ലാൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് മാപ്പിൽ ആലപ്പാട് ഗ്രാമപഞ്ചായത്തിനെ സി.ആർ.സെഡ് സോൺ- 3എ കാറ്റഗറിയിലാണ് ഉൾപ്പെടുത്തിയത്.

ആലപ്പാട് പഞ്ചായത്തിനെ സോൺ രണ്ട് കാറ്റഗറിയിൽ ഉൾപ്പെടുത്തുവാനുള്ള എല്ലാ അർഹതയും മാനദണ്ഡങ്ങളുമുണ്ട്. ആലപ്പാട് പഞ്ചായത്തിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ മൂവായിരത്തിലധികം ജനങ്ങൾ അധിവസിക്കുന്നു. 17 കിലോമീറ്റർ നീളത്തിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിൽ 24576 ജനങ്ങൾ താമസിക്കുന്നുണ്ട്. കൂടാതെ രണ്ട് ഹയർ സെക്കണ്ടറി സ്കൂൾ, ഒരു ഹൈസ്കൂൾ, ഏഴ് എൽ.പി സ്കൂൾ, രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ഒരു ആയുർവേദ ആശുപത്രി, ഒരു ഹോമിയോ ഡിസ്പെൻസറി, 27 അംഗനവാടികൾ, പത്തിലധികം ഗ്രന്ഥശാലകൾ, 24-ൽപ്പരം ഹൈന്ദവ ക്ഷേത്രങ്ങൾ, ക്രിസ്ത്യൻ ആരാധനാലയങ്ങൾ, ദിനംപ്രതി ഇരുപതിനായിരത്തിലധികം തൊഴിലാളികൾ പ്രവർത്തിക്കുന്ന അഴീക്കൽ ഫിഷിങ് ഹാർബർ, ഏഴ് പെട്രോൾ പമ്പുകൾ, 15-ൽ കൂടുതൽ ഐസ് പ്ലാൻ്റുകൾ,11 ഫിഷിങ് വെസ്സൽ നിർമ്മാണ യാർഡുകൾ, നിരവധി വാണിജ്യ സ്ഥാപനങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നു.

ഇതിന് പുറമേ മത്സ്യബന്ധനവും അനുബന്ധ ജോലികളും ചെയ്തു ജീവിക്കുന്ന ഇരുപതിനായിരത്തിലധികം ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശവും കൂടിയാണ് ആലപ്പാട് ഗ്രാമപഞ്ചായത്ത്‌ എന്ന് കെ.സി വേണുഗോപാൽ എം.പി കത്തിൽ ചൂണ്ടിക്കാട്ടി. നഗരസ്വഭാവത്തിലുള്ള പഞ്ചായത്ത് ആയതുകൊണ്ട് ആലപ്പാട് ഗ്രാമപഞ്ചായത്തിനെ ലീഗലി ഡെസിഗ്നേറ്റഡ് അർബൻ ഏരിയാസ് എന്ന നിർവചനത്തിൽ ഉൾപ്പെടുത്തിക്കൊണ്ട് ഭൂപടത്തിൽ സോൺ രണ്ട് എന്ന കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

Advertisement