മത്സ്യ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ പിണറായി സർക്കാർ കവർന്നെടുക്കുന്നു : ആർ. ചന്ദ്രശേഖരൻ

Advertisement

ആലപ്പാട് .കലാകാലങ്ങളായി മാത്‍സ്യത്തൊഴിലാളികൾക്ക് കിട്ടിക്കൊണ്ടിരുന്ന ആനുകൂല്യങ്ങൾ പിണറായി സർക്കാർ കവർന്നെടുക്കുകയാണെന്നും അതിന്റെ അവസാനത്തെ ഉദാഹരണമാണ് പഞ്ഞമാസ പദ്ധതി തുക മത്സ്യ തൊഴിലാളികൾക്ക് നൽകാത്തതെന്നും ഐ എൻ ടി യു സി സംസ്ഥാന പ്രഡിഡന്റ് ആർ. ചന്ദ്രശേഖരൻ പറഞ്ഞു.

കടലിനോട് മല്ലടിച്ച് തൊഴിൽ ചെയ്യുന്ന മത്സ്യ തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരുന്ന ഭവനം നിർമ്മാണത്തിനുള്ള സഹായവും, വീട് മെയിന്റൻസ് സഹായങ്ങളും, മണ്ണെണ്ണ സബ്‌സിഡി ഉൾപ്പെടെയുള്ള സഹായങ്ങളും, ഉമ്മൻചാണ്ടി സർക്കാർ നൽകിയിരുന്ന തണൽ പദ്ധതി പ്രകാരം പ്രതിവർഷം 1350 രൂപയുടെ സഹായവും ഈ സർക്കാർ ഉപേക്ഷിച്ചെന്നും അദ്ദേഹം പറഞ്ഞു. മത്സ്യ തൊഴിലാളികൾക്കായുള്ള പഞ്ഞ മാസ സമ്പാദ്യ പദ്ധതി തുക വിതരണം ചെയ്യാത്തതിലും സർക്കാരിന്റെ മത്സ്യ തൊഴിലാളി ദ്രോഹ നടപടികൾക്ക് എതിരെയും പ്രതിഷേധിച്ച്  ആലപ്പാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി  ആലപ്പാട് മത്സ്യ ഭവന്റെ മുന്നിൽ സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആലപ്പാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ് ഷിബു പഴനിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എസ്. ബിനു സ്വാഗതം ആശംസിച്ചു. ഐ എൻ ടി യു സി സംസ്ഥാന സെക്രട്ടറിയും ഡി സി സി വൈസ് പ്രസിഡന്റുമായ ചിറ്റുമൂല നാസർ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് യു. ഉല്ലാസ്, രാജുപ്രിയൻ, സുനിൽ കൈലാസം, ഷീബാ ബാബു, കാർത്തിക് ശശി, മീരസജീ, എന്നിവർ സംസാരിച്ചു

Advertisement