അതിശൈത്യത്തിൽ മുങ്ങി 5 സംസ്ഥാനങ്ങൾ; ഡൽഹിയിൽ താപനില 4.4 ഡിഗ്രി, വായുമലിനീകരണവും

ന്യൂഡൽഹി: അതിശൈത്യത്തിൻറെ പിടിയിലമർന്ന് ഡൽഹി. ബുധനാഴ്ച സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 4.4 ഡിഗ്രി രേഖപ്പെടുത്തി. ഡൽഹിയിലെ പ്രധാന കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ സഫ്ദർജങ്ങിലാണ് 4.4 താപനില രേഖപ്പെടുത്തിയത്. ശനിയാഴ്ച വരെ ഡൽഹിയിൽ അതിശൈത്യം തുടരുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ചൊവ്വാഴ്ച കുറഞ്ഞ താപനില എട്ടര ഡിഗ്രിയുണ്ടായിരുന്ന സ്ഥാനത്താണ് ബുധനാഴ്ച 4.4 ഡിഗ്രിയായി ഒറ്റയടിക്ക് താഴ്ന്നത്. വരും ദിവസങ്ങളിൽ താപനില മൂന്ന് ഡിഗ്രി വരെയായി താഴ്ന്നേക്കാം.

നിലവിൽ കാഴ്ചപരിധി കുറഞ്ഞ നിലയിലാണ്. മൂടൽമഞ്ഞ് കാരണം പകൽസമയങ്ങളിലെ റോഡ്– റെയിൽ– വ്യോമ ഗതാഗതം താറുമാറായ അവസ്ഥയാണ്. ഡൽഹിയിലേക്കുള്ള പല ട്രെയിനുകളും മണിക്കൂറുകൾ വൈകിയാണ് ഓടുന്നത്.

അതിശൈത്യത്തിനൊപ്പം വായുമലിനീകരണവും ഉയർന്നുതന്നെ നിൽക്കുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ എന്നി സംസ്ഥാനങ്ങളിലും അതിശൈത്യമാണ്. രാജസ്ഥാനിലെ ഫത്തേപുരിൽ മൈനസ് ഒന്നാണ് താപനില. ജാർഖണ്ഡിൽ ഒന്നു മുതൽ അഞ്ചുവരെ ക്ലാസിലെ വിദ്യാർഥികൾക്ക് ഈയാഴ്ച അവധി നൽകിയിരിക്കുകയാണ്.

Advertisement