ആ മനോഹരി മനോഹരനല്ല മനോഹരിതന്നെ, കഥയിങ്ങനെ

കൊല്ലം. കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവത്തില്‍ പങ്കെടുത്ത സാരി ഉടുത്ത പുരുഷന്റെ, സ്ത്രീകളെ വെല്ലുന്ന സൗന്ദര്യത്തെ പ്രകീര്‍ത്തിച്ചു കൊണ്ട് ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്ത്രീയായി വേഷപ്പകര്‍ച്ച നടത്തിയപ്പോള്‍ ഇത്രജ്വലിക്കുന്ന സൗന്ദര്യം ഒരു പുരുഷന് ഉണ്ടാകുമോ എന്നായിരുന്നു ചോദ്യം. അങ്ങനെ എങ്കില്‍ ആരാണത് എന്ന ചോദ്യം പരന്നു. വേഷപ്പകര്‍ച്ച നടത്തി സ്ത്രീകളെ ഞെട്ടിച്ച പുരുഷന്മാര്‍ക്കൊപ്പം ഏറ്റവും മുന്നില്‍ സ്ത്രീകളെ വിഷമിപ്പിച്ച് ഈ സുന്ദരിയുടെ ചിത്രം കത്തി നിന്നു.

എന്നാല്‍ അത് ട്രാന്‍സ് വുമണ്‍ ആണെന്ന് കണ്ടെത്തി.

വൈറലായ ഫോട്ടോയില്‍ കാണുന്നത് സ്ത്രീ വേഷം ധരിച്ച പുരുഷനല്ല. കണ്ണൂരിലെ മോഡലായ മീരയാണ്. കൊല്ലം കൊറ്റംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവത്തില്‍ പങ്കെടുത്ത ട്രാന്‍സ് വുമണാണ് മീര. ലിംഗ പരിവര്‍ത്തനം പൂര്‍ത്തിയാകാത്ത ട്രാന്‍സ് വനിതകള്‍ ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നുണ്ട് എന്ന് ക്ഷേത്ര ഭാരവാഹികള്‍ തന്നെ വ്യക്തമാക്കുന്നു. fact crescendo എന്ന ഓണ്‍ലൈന്‍ ആണ് ഫാക്ട്ചെക്കിംങില്‍ ഇത് പുരുഷനല്ല എന്ന് കണ്ടെത്തിയത്.
കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ നടന്ന ചമയവിളക്ക് ഉത്സവത്തില്‍ സ്ത്രീവേഷം കെട്ടി ഒന്നാം സമ്മാനം നേടിയ ആളാണ് വൈറലായ ഫോട്ടോയില്‍ കാണുന്നത് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം നടന്നത്.
ഫേസ്ബുക്കിലും സമാനമായ പോസ്റ്റുകള്‍ കാണാം. ഒരു ഫേസ്ബുക്ക് പോസ്റ്റ് താഴെ കാണാം. മലയാളത്തിലെ അടിക്കുറിപ്പ് ഇങ്ങനെ, ”മനോഹരി എന്ന വാക്കിനേക്കാളും മനോഹരി.. ??
മീര സോഷ്യല്‍ മീഡിയയില്‍ വിശേഷിച്ച് ഇന്‍സ്റ്റയില്‍ വളരെ പോപ്പുലറാണ്. നന്നായി റീല്‍സ് ചെയ്യാറുണ്ട്. മീരയും സുഹൃത്തുക്കളും കൊറ്റം കുളങ്ങര ഉല്‍സവത്തിനായാണ് എത്തിയത്. fact crescendo ടീം വിവരിക്കുന്നു

കൊല്ലം ജില്ലയിലെ കൊറ്റംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ വാർഷിക ഉത്സവമാണ് ചമയവിളക്ക്. ആഗ്രഹ സാഫല്യത്തിനായി ഇവിടെ പുരുഷന്മാര്‍ സ്ത്രീ വേഷം കെട്ടി വിളക്ക് എടുക്കുന്നു. സാമൂഹ്യ മാധ്യമങ്ങള്‍ക്ക് പ്രചാരം വന്നതോടെ എല്ലാ വര്‍ഷവും ഇവിടെ നിന്നുള്ള ചിത്രങ്ങള്‍ വൈറലാകാറുണ്ട്. ക്ഷേത്രം ഔദ്യോഗിക വെബ്സൈറ്റില്‍ നല്കിയ വിവരങ്ങള്‍ പ്രകാരം ഇവിടെ പുരുഷന്‍മാര്‍ക്ക് മാത്രമേ ആചാരമനുസരിച്ച് ചമയ വിളക്ക് എടുക്കാന്‍ സാധിക്കൂ. 

വിശദാംശങ്ങള്‍ക്കായി ഞങ്ങൾ ക്ഷേത്ര അധികാരികളുമായി ബന്ധപ്പെട്ടു. പബ്ലിസിറ്റി കണ്‍വീനര്‍ ജയകൃഷ്ണന്‍ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “ഫോട്ടോയിൽ കാണുന്നത് പുരുഷനല്ല. ട്രാൻസ് വുമണാണ്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകാത്ത അല്ലെങ്കില്‍ അതിനു തയ്യാറെടുത്തു കൊണ്ടിരിക്കുന്ന ട്രാൻസ് വനിതകള്‍ക്ക് ചമയ വിളക്ക് എടുക്കുന്നതില്‍ വിലക്കില്ല. അവരെ പുരുഷന്മാര്‍ ആയിതന്നെയാണ് കണക്കാക്കുന്നത്. അവര്‍ക്ക് ചമയ വിളക്ക് എടുക്കാം. ഫോട്ടോയിൽ കാണുന്ന വ്യക്തി പരിവർത്തനം പൂർത്തിയാക്കാത്ത ട്രാൻസ്‌വുമൺ ആണ്.”

ഈ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫർ സിദ്ദിഖുമായി ഞങ്ങള്‍ പിന്നീട് ബന്ധപ്പെട്ടു.  “വൈറലായ ഫോട്ടോയിൽ ഉള്ളത് പുരുഷനല്ലെന്നും ക്ഷേത്രം സന്ദർശിച്ച ട്രാൻസ്‌വുമണാണെന്നും സിദ്ദിഖ് പറഞ്ഞു. അവൾ കണ്ണൂരുകാരിയാണെന്നും പേര് മീര എന്നാണെന്നും സിദ്ദിഖ് അറിയിച്ചു.

പബ്ലിസിറ്റി കൺവീനർ ജയകൃഷ്ണന്‍ കൂടുതല്‍ വിശദമാക്കിയത്: “മികച്ച മേക്കപ്പിനായി ക്ഷേത്രത്തിൽ ഒരു മത്സരവും നടക്കുന്നില്ല. ഇതൊക്കെ വെറും വ്യാജ പ്രചരണങ്ങളാണ്. ഇങ്ങനെ പെണ്‍വേഷം ധരിക്കല്‍ ഈ ക്ഷേത്രത്തിലെ മാത്രം ആചാരമാണ്. എല്ലാ വർഷവും പുരുഷന്മാർ ഇവിടെ സാരിയും മേക്കപ്പും ധരിച്ച് ദേവിയെ പ്രാർത്ഥിക്കുന്നു. പുരുഷന്മാർക്ക് മാത്രമേ ഈ ചടങ്ങിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. എന്നിരുന്നാലും, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകാത്ത ട്രാൻസ് വുമണിനും ആചാരം നടത്താൻ അനുവാദമുണ്ട്. മികച്ച മേക്കപ്പിനോ വസ്ത്രധാരണത്തിനോ ഞങ്ങൾ സമ്മാനങ്ങൾ നൽകുന്നില്ല.”


കൊല്ലം ജില്ലയെ മുഴുവന്‍ വട്ടംകറക്കിയെങ്കിലും മീര അക്കാര്യമറിയാതെ നാട്ടിലേക്ക് മടങ്ങി.

Advertisement