ഐപിഎല്ലില്‍ ഇന്ന് രണ്ട് പോരാട്ടങ്ങള്‍

ഐപിഎല്ലില്‍ ഇന്ന് രണ്ട് പോരാട്ടങ്ങള്‍, ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പഞ്ചാബ് കിങ്‌സിനെയും രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റസ് ഡല്‍ഹി കാപ്പിറ്റല്‍സിനെയും നേരിടും.
രണ്ടുതവണ ഐപിഎല്‍ കിരീട ജേതാക്കളാണെങ്കിലും കഴിഞ്ഞ എട്ടുസീസണുകളിലായി കപ്പില്ലാത്തതിന്റെ ക്ഷീണമകറ്റാനാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. പുതിയ ക്യാപ്റ്റന്‍ നിതീഷ് റാണയുടെ കീഴിലാണ് ഇത്തവണ ടീം ഇറങ്ങുക. ആന്ദ്രെ റസ്സല്‍, സുനില്‍ നരെയ്ന്‍, ശാര്‍ദൂല്‍ ഠാക്കൂര്‍, ടിം സൗത്തി തുടങ്ങിയ താരങ്ങളിലെ പ്രതീക്ഷയിലാണ് കൊല്‍ക്കത്ത.
ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിയിലാണ് പഞ്ചാബ് കിങ്‌സിന്റെ വരവ്. ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറനെ വന്‍തുക മുടക്കി പഞ്ചാബ് ടീമിലെത്തിച്ചത് ടീമിന്റെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വൈകീട്ട് 3.30-ന് മൊഹാലിയിലാണ് മത്സരം.
രണ്ടാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഡേവിഡ് വാര്‍ണറിന്റെ നായകത്വത്തിലിറങ്ങുന്ന ഡല്‍ഹി ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. അരങ്ങേറ്റ സീസണില്‍ നാലാം സ്ഥാനത്തെത്തിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് ഇത്തവണ മുന്നോട്ടുള്ള കുതിപ്പിന് സ്വന്തം നാട്ടില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ജയം അനിവാര്യമാണ്. കെ.എല്‍. രാഹുലിന്റെ നായക മികവിലാണ് കിരീടം ലക്ഷ്യമിട്ട് ലഖ്‌നൗ ഇറങ്ങുന്നത്. രാത്രി 7.30-ന് ലഖ്‌നൗവിലെ ഏകന സ്പോര്‍ട്‌സ് സിറ്റി ഗ്രൗണ്ടിലാണ് മത്സരം.

Advertisement