പന്മനയും കന്നേറ്റിയുമുള്ള ഉണ്ണുനീലി സന്ദേശത്തില്‍ കരുനാഗപ്പള്ളി എന്ന പേരുവരാതിരുന്നതിനു കാരണം ഇതാണ്

കരുനാഗപ്പള്ളിരേഖകൾ 21

ഡോ. സുരേഷ് മാധവ്

പതിനാലാം നൂറ്റാണ്ടിൽ ഉണ്ടായ ഉണ്ണുനീലിസന്ദേശം എന്ന മണിപ്രവാള സാഹിത്യകൃതിയിൽ പന്മന തമ്പുരാനെ കാണാം.. അതു കഴിഞ്ഞ് പടയൊറ കാണാം.. പിന്നെകായംകുളത്തു ചെല്ലുന്നതിനു ഇപ്പുറം വച്ച് രണ്ടു ക്ഷേത്രങ്ങൾ കൂടി കാണാം. സന്ദേശകാരനായ ആദിത്യവർമ, കഥാനായകന്റെ അഭ്യർത്ഥന പ്രകാരം, തിരുവനന്തപുരത്തു നിന്ന് കടുത്തുരുത്തിയിലേയ്ക്ക് നായികയെ കണ്ട് സന്ദേശം കൈമാറാൻ പോകുന്നതാണ് കഥാ പശ്ചാത്തലം. സന്ദേശകാരന്റെ മാർഗ വർണനകളാണ് കേരള ചരിത്രത്തിനു രേഖകൾ സമ്മാനിക്കുന്നത്. ഉണ്ണുനീലി സന്ദേശം തൊണ്ണൂറ്റി ഒന്നാം ശ്ലോകത്തിലാണ് പുതിയ പൊഴി, പൂകൈത, പന്മന, പടയൊറ, കന്നേറ്റി തുടങ്ങിയ സ്ഥല പരാമർശങ്ങൾ കടന്നുവരുന്നത്.

അക്കാര്യത്തിൽ ചില അഭിപ്രായഭേദങ്ങൾ ചരിത്രകാരന്മാരിൽ നിന്ന് ഉണ്ടായിട്ടുണ്ട്. പുതിയ പൊഴി നീണ്ടകര പൊഴിയാണെന്നും പൂകൈത സ്ഥലനാമമാണെന്നും ഇളംകുളം കുഞ്ഞൻപിള്ള വാദിക്കുന്നു. കൊച്ചി യ്ക്ക് അടുത്ത് പൂകൈത എന്ന പേരിൽ ഒരു സ്ഥലം ഉണ്ടായിരുന്നതായി രേഖയുണ്ട്. തേമ്പാട്ട് ശങ്കരൻനായരുടെ വ്യാഖ്യാനത്തിൽ “പുതിയ പൊഴി “യെ ഒരു പുതിയ തോടായി പറഞ്ഞിരിക്കുന്നു. ഒരു പക്ഷെ, പുതിയ പൊഴി, പിൽക്കാലത്തെ “പുത്തൻ തുറ “ആകാം. പൂകൈത സ്ഥലമല്ലെന്നും കൈതചെടികൾ ഉള്ളതിന്റെ സൂചന ആണെന്നും ശുരനാട് കുഞ്ഞൻപിള്ള പറയുന്നു. കൈത യുടെ കാടും പടലവും വഴി നീളെ ഉണ്ടായിരുന്ന അക്കാലത്ത്, പൂകൈത എന്ന് പ്രത്യേകം എടുത്തുപറയേണ്ട കാര്യം ഉണ്ടായിരുന്നോ എന്ന ചോദ്യം പ്രസക്തമാണ്. പന്മന തമ്പുരാനെ കണ്ടു തൊഴുതശേഷം പടയൊറ കഴിഞ്ഞ് കന്നേറ്റിയിൽ എത്തണമെന്നു ശ്ലോകത്തിൽ പറയുന്നു.

പതിനാലാം നൂറ്റാണ്ടിന് മുമ്പേ തന്നെ പന്മനക്ഷേത്രം പ്രസിദ്ധമായിരുന്നു എന്നതിന് തെളിവാണിത്. രണ്ടാം നൂറ്റാണ്ടിൽ കല്ലട വഴി കന്നെറ്റിയിൽ ചേക്കേറിയ പാണ്ടിയൻമാരെക്കുറിച്ച് ചരിത്രസൂചനകൾ ഉണ്ട്. പാണ്ടിയൻമാർ അവരുടെ കുലദേവനായ മുരുകനെ പ്രതിഷ്ടിച്ച കോവിൽ പിന്നീട് വേണാടിന്റെ അധീനതയിലായി.പന്മന സുബ്രഹ്മണ്യക്ഷേത്രം എന്ന പെരുമയും നേടി. മുരുകൻകോവിലുമായി ബന്ധപ്പെട്ട സ്ഥലത്തിൽ നിന്നാണ് കോവിൽതോട്ടം എന്ന പേര് രൂപപ്പെട്ടുവന്നത്. പന്മന കഴിഞ്ഞു സന്ദേശകാരൻ ചെല്ലുന്നത് പടയൊറയിലേക്കാണ്.

പടയൊറ എന്ന ഒരു സൈനസങ്കേതം ഉണ്ടെന്നു ഇളങ്കുളം പറയുന്നു. അങ്ങനെ ഒരു സ്ഥലം ഇല്ലെന്നും പടയോടു മുന്നോട്ടു പോകണം എന്നത് തെറ്റായി വായിച്ചതാണെന്നു ശുരനാടനും വാദിക്കുന്നു.രാജാവിന്റെ പ്രണയിനിയ്ക്ക് രഹസ്യമായി ഒരു സന്ദേശം ഏല്പിക്കാൻ പോകുന്ന ആൾ, പടയോട് കൂടി ബഹളം വെച്ച് മേളവുമായി പോകുമോ എന്ന് ചിന്തിക്കേണ്ടതാണല്ലോ. ഇന്നത്തെ ഇടപ്പള്ളികോട്ടയെയാണ് പടയൊറയായി ചിത്രീകരിച്ചിരിക്കുന്നതെന്നു വ്യക്തമാണ്. വേണാടിന്റെ വടക്കേ അതിർത്തിയായ കന്നെറ്റിയിൽ നിന്ന് തെക്കു മാറി പടകോപ്പുകൾ സൂക്ഷിച്ചിരുന്ന സ്ഥലമാണ് ഇടപ്പള്ളികോട്ട. അവിടെ യുള്ള “പോരൂർകര “എന്ന ദേശപ്പേരും പടയോട്ടങ്ങളെ സൂചിപ്പിക്കുന്നുണ്ട്.

ഇടപ്പള്ളികോട്ടയ്ക്ക് പടിഞ്ഞാറുള്ള കൊട്ടാരത്തിൽകടവ് മറ്റൊരു ചരിത്രസാക്ഷ്യമാണ്. അതിർത്തിയിലെ സേനാവിന്യാസം നിരീക്ഷിക്കാനെത്തുന്ന വേണാട്ടു രാജാക്കന്മാരുടെ വിശ്രമകേന്ദ്രമായിരുന്നു പന്മനകൊട്ടാരം. പടയൊറ കഴിഞ്ഞ് വടക്കോട്ട് പോകുമ്പോൾ രണ്ടു ക്ഷേത്രങ്ങൾ കൂടി കണ്ടുപോകണമെന്ന് കാവ്യത്തിൽ പറയുന്നു. കൃഷ്ണപുരത്തിനടുത്തുള്ള ക്ഷേത്രങ്ങൾ ആകാം അവ. പതിനാലാം നൂറ്റാണ്ടിൽ പടനായർകുളങ്ങരക്ഷേത്രം ഒരു ചെറിയ ആരാധനാലയം മാത്രമായിരിക്കണം.കരുനാഗപ്പള്ളി സ്ഥലപേര് ആയി മാറുന്നതിനു മുമ്പ് ഒരു ബുദ്ധവിഹാരം മാത്രമായിരുന്നു. അതുകൊണ്ടാവാം ബുദ്ധമതവിരോധിയായ കവി “ഉണ്ണുനീലി സന്ദേശ”ത്തിൽ കരുനാഗപ്പള്ളി എന്നു പറയാതിരുന്നത്.

Advertisement