നീണ്ടകര അഴിമുഖത്ത് ബോട്ട് തിരയില്‍പെട്ട് നാല് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു

നീണ്ടകര അഴിമുഖത്ത് ബോട്ട് തിരയില്‍പെട്ട്
നാല് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു

കൊല്ലം: കൊല്ലം നീണ്ടകര അഴിമുഖത്ത് ബോട്ട് തിരയില്‍പെട്ട് നാല് മത്സ്യത്തൊഴിലാളികള്‍ കടലില്‍ വീണു. മഴ ശക്തമായതിന്റെ പശ്ചാത്തലത്തില്‍ കടലില്‍ പോകരുത് എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ഇത് ലംഘിച്ചു കൊണ്ട് നിരവധി മത്സ്യബന്ധന ബോട്ടുകള്‍ നീണ്ടകരയില്‍ നിന്നുള്‍പ്പെടെ കടലില്‍ പോയിരുന്നു. ഇത്തരത്തില്‍ പോയ ബോട്ടാണ് അപകടത്തില്‍പെട്ടത്. നിരവധി തൊഴിലാളികള്‍ ബോട്ടില്‍ ഉണ്ടായിരുന്നു എന്നാണ് വിവരം.
വലിയ തിര മറികടന്ന് കരയിലേക്ക് എത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ബോട്ടിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. രണ്ടുപ്രാവശ്യം തിരയില്‍പെട്ട് മറിയാന്‍ പോയ ബോട്ടിന്റെ നിയന്ത്രണം അതിവിദഗ്ദമായി സ്രാങ്ക് ഏറ്റെടുക്കുകയായിരുന്നു. ഇതിനിടെ നാല് തൊഴിലാളികള്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ബോട്ടിലുള്ളവര്‍ ഇവരെ രക്ഷിച്ചു. മറ്റൊരു ബോട്ടിലെ തൊഴിലാളികള്‍ പകര്‍ത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തു വന്നിട്ടുണ്ട്.

Advertisement