മഞ്ജരിക്ക് താലി ചാർത്തി ജെറിൻ‌; അതിഥികളായി സുരേഷ് ഗോപിയും രാധികയും

തിരുവനന്തപുരം: ഗായിക മഞ്ജരി വിവാഹിതയായി. തിരുവനന്തപുരത്ത് വച്ച് ഇന്ന് രാവിലെയായിരുന്നു മഞ്ജരിയുടെയും ബാല്യകാലസുഹൃത്ത് ജെറിന്റെയും വിവാഹം.

ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. നടൻ സുരേഷ് ഗോപിയും ഭാര്യ രാധികയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

ചുവന്ന സാരിയിൽ അതിസുന്ദരിയായാണ് മഞ്ജരി വിവാഹവേദിയിലെത്തിയത്. ചുവന്ന നിറത്തിലുള്ള കുർത്തയും കസവ് മുണ്ടും ആണ് ജെറിൻ ധരിച്ചത്. വിവാഹശേഷം ഇരുവരും മജിഷ്യൻ ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലേക്കു പോയി. അവിടെയുള്ള ഭിന്നശേഷി വിദ്യാർഥികൾക്കൊപ്പമാണു വിരുന്നു സൽക്കാരം.

ഒന്നാം ക്ലാസ് മുതൽ ഒരുമിച്ചു പഠിച്ചവരാണ് മ‍ഞ്ജരിയും ജെറിനും. മസ്കത്തിൽ ആയിരുന്നു ഇരുവരുടെയും വിദ്യാഭ്യാസകാലം. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജർ ആയി ജോലി ചെയ്യുകയാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്.

‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് ഹിരിശ്രീ കുറിച്ചതാണ് മഞ്ജരി. സ്വതന്ത്രസംഗീത ആൽബങ്ങളിലൂടെയും പിന്നണിഗാനങ്ങളിലൂടെയും ഗായിക സംഗീതലോകത്തു സജീവമാണ്. കർണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്, ഫ്യൂഷൻ എന്നീ ആലാപനശൈലികളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.

Advertisement