രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാകുമെന്ന് സുരേഷ് ഗോപി

കണ്ണൂര്‍.രാജ്യത്ത് ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാകുമെന്ന് സുരേഷ് ഗോപി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ യുസിസി നടപ്പാകുമെന്നും, ബിജെപി പദയാത്രയിൽ സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം സിവിൽ കോഡ് നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാർ ആരംഭിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ കണ്ണൂരിലെ പൊതുസമ്മേളന വേദിയിലാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. ഏകീകൃത സിവിൽകോഡ് ഉറപ്പായും വരും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞാൽ യുസിസി നടപ്പാകും. കെ റയിൽ വരും കെട്ടോയെന്ന് പറയുന്നത് പോലെയല്ലെന്നും സുരേഷ് ഗോപി.

അതേസമയം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ നടപടികൾ ആരംഭിച്ചു. ഫെബ്രുവരി രണ്ടിന് കരട് റിപ്പോർട്ട് കൈമാറും. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബില്ല് പാസാക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. ബില്ല് പാസ്സാക്കാൻ ഫെബ്രുവരി 5ന് ഏകദിന പ്രതേക സമ്മേളനം വിളിച്ചു ചേർക്കും. ബില്ല് സഭയിൽ അവതരിപ്പിച്ച് ചർച്ചകൾക്കുശേഷം പാസാക്കാനാണ് സർക്കാർ നീക്കം. ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സർക്കാരിന് കരട് റിപ്പോർട്ട് സമർപ്പിക്കുക. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച് നടപടികൾ ആരംഭിച്ച സംസ്ഥാനമാണ് ഉത്തരഖണ്ഡ്.

Advertisement