സൂര്യക്കും ആര്യയ്ക്കും കൈത്താങ്ങായി സുരേഷ്​ഗോപി! 260,000 രൂപ ബാങ്കിന് നൽകും, വീടിന്റെ ആധാരം തിരിച്ചുകിട്ടും

പാലക്കാട്: പാലക്കാട്ടെ കുട്ടികളുടെ ദുരിതത്തിന് അറുതി വരുത്താൻ സഹായ ഹസ്തവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. മാതാപിതാക്കൾ മരിച്ചു പോയ അനാഥരായ കുട്ടികൾ ഭവന വായ്പ എങ്ങനെ അടച്ചു തീർക്കുമെന്നതിന്റെ അങ്കലാപ്പിലായിരുന്നു.

കുട്ടികളുടെ ഭവന വായ്പ ബാധ്യത ഏറ്റെടുക്കുമെന്നും 260000 രൂപ ബാങ്കിന് കൈമാറുമെന്നും സുരേഷ് ​ഗോപി അറിയിച്ചു. സൂര്യക്കും ആര്യയ്ക്കും ഇനി വീടിന്റെ ആധാരം തിരികെ കിട്ടും.

പാലക്കാട് ഭൂപണയ ബാങ്കിൽ നിന്ന് തുടർച്ചയായി നോട്ടീസ് വന്നതോടെ വീട് വിട്ട് ഇറങ്ങേണ്ടി വരുമോയെന്ന ആശങ്കയിലായിരുന്നു കോങ്ങാട് സ്വദേശികളായ സൂര്യ കൃഷ്ണയും, ആര്യ കൃഷ്ണയും. 2018ൽ കോങ്ങാട് നായാടിക്കുന്നിലെ സ്ഥലത്ത് കൂലിപ്പണിക്കാരനായ കൃഷ്ണൻകുട്ടി 500 ചതുരശ്രയടി വിസ്തീർണമുള്ള വീട് വെച്ചത് പഞ്ചായത്തിൽ നിന്ന് കിട്ടിയ രണ്ട് ലക്ഷം രൂപ കൊണ്ടാണ്.

ബാക്കി രണ്ടു ലക്ഷം രൂപ പാലക്കാട് ഭൂപണയ ബാങ്കിൽ നിന്ന് കടമെടുത്തു. വീട് പണി തീരും മുമ്പേ കൃഷ്ണൻകുട്ടി അർബുദ ബാധയെ തുടർന്ന് മരിച്ചു. ഹോട്ടൽ ജോലിക്ക് പോയി മക്കളെ വളർത്തിയ അമ്മ മൂന്നു വർഷം മുമ്പ് മരിച്ചതോടെ പ്ലസ് ടു വിദ്യാർത്ഥിയായ സൂര്യ കൃഷ്ണയും പ്ലസ് വൺ വിദ്യാർത്ഥിനി ആര്യ കൃഷ്ണയും അനാഥരായി. ഭവന വായ്പാ ബാധ്യത കുട്ടികളുടെ തലയിലുമായി.

അടുത്ത ബന്ധുക്കളാന്നും ഏറ്റെടുക്കാൻ തയ്യാറാകാത്തതിനാൽ കുട്ടികൾ കൂലിപണിക്കാരായ അയൽക്കാരുടെ സംരക്ഷണയിലാണ് കഴിയുന്നത്. പാതി വഴിയിൽ കിടന്ന വീട് പണി പൂർത്തിയാക്കിയത് കുട്ടികളുടെ സ്കൂളിന്റെ സഹായത്തോടെയാണ്. പലിശയടക്കം നാല് ലക്ഷത്തിലധികമാണ് ബാങ്കിലെ കടം. നന്നായി പഠിക്കണം. നല്ല ജോലി വാങ്ങണം ആഗ്രഹങ്ങൾ എറെയാണ്. എന്നാൽ, അയൽക്കാരുടെ കരുണയിൽ കഴിയുന്ന കുട്ടികൾക്ക് ഭാവിജീവിതം വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുകയായിരുന്നു. ഈ പ്രതിസന്ധികള്‍ക്കിടെയാണ് കുട്ടികളുടെ ദുരിതത്തിന് പരിഹാരവുമായി സുരേഷ് ഗോപി എത്തിയിരിക്കുന്നത്.

Advertisement