ഉന്നത നേതാക്കൾക്കൊപ്പം എത്തി ദ്രൗപദി മുർമു നാമനിർദേശ പത്രിക സമർപ്പിച്ചു

ന്യൂഡൽഹി∙ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമു നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുടെ സാന്നിധ്യത്തിലാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. ജൂലൈ 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.

പാർലമെന്ററി കാര്യ മന്ത്രി പ്രൾഹാദ് ജോഷിയുടെ നേതൃത്വത്തിൽ ആണ് ദ്രൗപദി മുർമുവിന്റെ നാമനിർദേശ പത്രിക തയ്യാറാക്കിയത്. നാമനിർദേശ പത്രികയിൽ ഒപ്പിടുന്ന ചിത്രം മന്ത്രി കിരൺ റിജിജു ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

വ്യാഴാഴ്ചയാണ് ഭുവനേശ്വറിൽനിന്ന് ദ്രൗപദി മുർമു ഡൽഹിയിൽ എത്തിയത്. ആദ്യ കൂടിക്കാഴ്ച പ്രധാനമന്ത്രിക്കൊപ്പമായിരുന്നു. പിന്നീട് അമിത് ഷാ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ജെ.പി.നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും സഹകരണം പ്രതീക്ഷിക്കുന്നതായും ദ്രൗപദി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജൂലൈ 18ന് മുൻപ് എല്ലാ വോട്ടർമാരെയും നേരിൽ കാണുമെന്നും അവർ പറഞ്ഞിരുന്നു.

Advertisement