ചങ്ങനാശേരി:ആദിത്യകൃഷ്ണ ക്ഷേത്രക്കുളത്തില്‍മുങ്ങിത്താണ ഒരു ജീവനുമായിമുകളിലേക്കുയര്‍ന്നപ്പോള്‍ അത് പിതാവിന് സാധിക്കാതെപോയ ഒരു കര്‍മ്മത്തിന്റെ പൂര്‍ത്തീകരണമായി. 23 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു കുഞ്ഞ് ജീവന്‍ രക്ഷിക്കാന്‍ പിതാവായ കൃഷ്ണകുമാര്‍ ഇതേ കുളത്തിന്റെ ആഴങ്ങളില്‍പരതിയിരുന്നു.
എന്നാല്‍ മരണം കൃഷ്ണകുമാറിനെതോല്‍പ്പിച്ച് ആ ജീവന്‍ആഴത്തിലെവിടെയോ ഒളിപ്പിച്ചുകളഞ്ഞു. ആ അച്ഛന് കഴിയാതെ പോയത് ഇന്നലെ മകന്‍ സാധിച്ചെടുത്തു. അച്ഛന് രക്ഷിക്കാനാകാതെ പോയ ജീവനു പകരമായി അതേ കുളത്തില്‍ നിന്നും അതേ പ്രായത്തിലുള്ള മറ്റൊരു കുട്ടിയുടെ ജീവനാണ് മകന്‍ മുങ്ങിയെടുത്തത്.

തെക്കേപ്പറമ്ബില്‍ ടി.ആര്‍.കൃഷ്ണകുമാറും മകന്‍ ആദിത്യ കൃഷ്ണയുമാണ് (അപ്പു17) 23 വര്‍ഷങ്ങളുടെ ഇടവേളയില്‍ ജീവന്‍ രക്ഷിക്കാന്‍ സമാന സാഹചര്യങ്ങളില്‍ മാലൂര്‍ക്കാവ് ദേവീക്ഷേത്രത്തിലെ കുളത്തില്‍ ഇറങ്ങിയത്. ആരമല സ്വദേശിയായ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥി ശബരീനാഥിനെയാണ് ഞായര്‍ വൈകിട്ട് അഞ്ചോടെ ക്ഷേത്രക്കുളത്തില്‍ നിന്ന് ആദിത്യ രക്ഷപ്പെടുത്തിയത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചാണ് ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ എത്തിയത്. ശബരീനാഥ് ഉള്‍പ്പെടെ മൂന്നുപേര്‍ കുളത്തില്‍ ഇറങ്ങി. മുങ്ങിത്താഴ്ന്നുപോയ ശബരീനാഥിനെ കൂട്ടുകാരന്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സമീപത്തു കളിച്ചു കൊണ്ടിരുന്ന ആദിത്യ കൃഷ്ണ വിദ്യാര്‍ത്ഥികളുടെ നിലവിളി കേട്ട് കുളത്തിലേക്ക് എടുത്തു ചാടുകയായിരുന്നു.

23 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇതേ കുളത്തില്‍ വീണ ഒരു കുട്ടിയെ ആദിത്യയുടെ അച്ഛന്‍ കൃഷ്ണകുമാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആ കുട്ടിക്കും 13 വയസ്സായിരുന്നു. അന്ന് ഏറെ നേരം തിരച്ചില്‍ നടത്തിയ കൃഷ്ണകുമാര്‍ പുറത്തെടുത്തത് കുട്ടിയുടെ മൃതദേഹമായിരുന്നു.

ഈ സംഭവം മക്കളായ ആദിത്യ കൃഷ്ണയോടും ഈശ്വര കൃഷ്ണയോടും കൃഷ്ണകുമാര്‍ പറഞ്ഞിട്ടുണ്ട്. ഇരുവരെയും നീന്തല്‍ പഠിപ്പിച്ചതും കൃഷ്ണകുമാറാണ്. സ്വപ്നയാണ് ആദിത്യയുടെ അമ്മ. ഓരോതവണ ആ കുളം കാണുമ്‌പോഴും തന്റെ വിഫലമായ ശ്രമം കൃഷ്ണകുമാര്‍ ഓര്‍ക്കുമായിരുന്നു, ഇനി മകനെ ഓര്‍ത്ത് അഭിമാനത്തോടെ കൃഷ്ണകുമാറിന് ആ കുളം കാണാം