ഇന്ധന വിതരണം വെട്ടിക്കുറച്ച് എച്ച്പിസിഎൽ

കൊച്ചി∙ ഹിന്ദുസ്ഥാൻ പെട്രോളിയം റീട്ടെയ്ൽ വിതരണക്കാർക്കുള്ള ഇന്ധന വിതരണം പകുതിയാക്കി കുറച്ചു.‌‌ ഭാരത് പെട്രോളിയവും ഇന്ത്യൻ ഓയിലും നിലവിൽ കേരളത്തിലെ വിതരണത്തിൽ കുറവു വരുത്തിയിട്ടില്ല. മിക്ക സംസ്ഥാനങ്ങളിലും പ്രതിസന്ധിയുണ്ട്. 600 ലോഡ് ഇന്ധനം വരേണ്ട സ്ഥാനത്ത് പല പമ്പുകളിലും ഇന്നലെ എത്തിയതു പകുതിയിൽ താഴെ മാത്രമാണ്. കേരളത്തിൽ എണ്ണൂറോളം എച്ച്പിസിഎൽ പമ്പുകളാണുള്ളത്. മറ്റു കമ്പനികളിലെ വിതരണം തടസ്സപ്പെടാത്തതിനാൽ ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ മാത്രമേ ഇന്ധന ക്ഷാമത്തിനു സാധ്യതയുള്ളൂ. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിക്കാൻ എച്ച്പിസിഎൽ അധികൃതർ തയാറായില്ല.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില 120 ഡോളറിനു മുകളിലാണെങ്കിലും കഴിഞ്ഞ രണ്ടുമാസമായി ഇന്ത്യയിൽ ഇന്ധന വില കൂട്ടിയിട്ടില്ല. ഇതോടെ നഷ്ടത്തിലായ കമ്പനികൾ നഷ്ടം പരമാവധി കുറയ്ക്കാൻ വിൽപന കുറയ്ക്കുകയാണെന്ന് ആരോപണമുണ്ട്. വിതരണം പ്രതിസന്ധിയിലാകുമെന്ന സൂചനകളാണ് എണ്ണ കമ്പനികളിൽ നിന്നു ലഭിക്കുന്നതെന്ന് പമ്പ് ഉടമകൾ പറയുന്നു. പണം അടയ്ക്കാത്ത ഡീലർമാർക്കുള്ള ഇന്ധന വിതരണം എച്ച്പിസി നേരത്തെ കുറച്ചിരുന്നു. എന്നാൽ ഇപ്പോൾ മുൻകൂറായി പണം അടച്ചവർക്കും ലോഡ് മുഴുവനും കിട്ടാത്ത സ്ഥിതിയാണ്.

റഷ്യൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ക്രൂഡ് ഉൽപാദക കമ്പനിയായ റോസ്നെഫ്റ്റുമായി ഉണ്ടാക്കിയ ധാരണപ്രകാരം എല്ലാമാസവും 60 ലക്ഷം ബാരൽ റഷ്യൻ എണ്ണയാണ് ഐഒസിക്കു ലഭിക്കുന്നത്. 30 ലക്ഷം ബാരൽ അധികമായി വാങ്ങാനും ധാരണയുണ്ട്. എന്നാൽ ബിപിസിഎൽ, എച്ച്പിസിഎൽ കമ്പനികൾക്കു റോസ്നെഫ്റ്റുമായി ധാരണയിലെത്താൻ കഴിഞ്ഞിട്ടില്ലെന്നാണു സൂചന.

ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യുന്ന രാജ്യങ്ങളിൽ സൗദി അറേബ്യയെ പിന്തള്ളി റഷ്യ രണ്ടാം സ്ഥാനത്തെത്തി. യുക്രെയ്ൻ– റഷ്യ സംഘർഷത്തെ തുടർന്നു യൂറോപ്യൻ യൂണിയൻ ഉപരോധം ഏർപ്പെടുത്തിയതോടെ, കുറഞ്ഞ നിരക്കിൽ റഷ്യ അസംസ്കൃത എണ്ണ വാഗ്ദാനം ചെയ്തിരുന്നു. ഇതേത്തുടർന്ന് ഇന്ത്യൻ റിഫൈനറികൾ റഷ്യയിൽനിന്ന് കൂടുതൽ എണ്ണ വാങ്ങാൻ ആരംഭിച്ചു. 2.50 കോടി ബാരൽ എണ്ണയാണ് ഇന്ത്യൻ കമ്പനികൾ റഷ്യയിൽ നിന്നു മേയിൽ വാങ്ങിയത്. ആകെ ഇറക്കുമതിയുടെ 16 ശതമാനത്തിലധികമാണിത്. ഇറാഖിൽ നിന്നാണ് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി.

Advertisement