ആഡംബരവിവാഹങ്ങൾക്ക് നികുതി ചുമത്തണം,സമ്മാനങ്ങൾക്ക് പരിധി നിശ്ചയിക്കണം,സർക്കാരിന് വനിതാകമ്മിഷൻ ശുപാർശ

തിരുവനന്തപുരം:സ്ത്രീധന പീഡന കേസുകൾ ഏറ്റവും കൂടുതൽ രജിസ്റ്റർ ചെയ്യപ്പെടുന്നത് കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കൊല്ലം ജില്ലാതല പട്ടികവർഗ മേഖലാ ക്യാമ്പിൻറെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

അയൽവീട്ടിലേതിനേക്കാൾ കൂടുതൽ സ്വർണം സ്ത്രീധനം നൽകണമെന്നും കൂടുതൽ പേരെ ക്ഷണിക്കണമെന്നുമാണ് ആളുകളുടെ ചിന്ത. പെൺകുട്ടികളെ ബാധ്യതയാണ് സമൂഹം കാണുന്നത്. ഞാനവളെ കെട്ടിച്ചു വിട്ടു, ഇത്രപവൻ നൽകി ഇറക്കി വിട്ടു എന്ന രീതിയിലാണ് വിവാഹം സംബന്ധിച്ച് മാതാപിതാക്കളുടെ സംസാരം. ഈ പശ്ചാത്തലം കണക്കിലെടുത്ത് പാരിതോഷികങ്ങൾക്ക് പരിധി നിശ്ചയിക്കണമെന്നും ആഡംബര വിവാഹങ്ങൾക്ക് നികുതി ചുമത്തണമെന്നും സംസ്ഥാന സർക്കാരിന് വനിതാ കമ്മിഷൻ ശുപാർശ നൽകും.

സ്ത്രീധനത്തെ നിയമം കൊണ്ടു മാത്രം നിരോധിക്കാൻ സാധിക്കില്ല. ഈ സാമൂഹിക വിപത്തിനെതിരേ നാം ഓരോരുത്തരും തീരുമാനം എടുക്കണം. ആഡംബര വിവാഹം നടത്തിയ ശേഷം ഭാര്യാ ഭർത്താക്കന്മാർ തമ്മിൽ പ്രശ്‌നമുണ്ടാകുമ്പോൾ അഡ്ജസ്റ്റ് ചെയ്തു ജീവിക്കണമെന്നാണ് ഉപദേശിക്കുന്നത്. മർദനം ഉൾപ്പെടെ പീഡനം സഹിച്ചു ജീവിക്കണമെന്ന കാഴ്ചപ്പാടു മൂലം പെൺകുട്ടികളുടെ ജീവിതം താറുമാറാകും. അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കാതെ വരുമ്പോൾ പെൺകുട്ടികൾ ആത്മഹത്യയിലേക്ക് വഴിമാറുന്നത് ആശങ്കപ്പെടുത്തുന്നതാണ്.

ജീവിതം സംബന്ധിച്ച് പെൺകുട്ടികളുടെ കാഴ്ചപ്പാടിൽ മാറ്റമുണ്ടായി കഴിഞ്ഞിട്ടുണ്ട്. കൂടുതൽ മാറ്റമുണ്ടാകേണ്ടത് മാതാപിതാക്കളുടെ ചിന്താഗതിയിലാണ്. വീടുകളുടെ അകത്തളങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ ഉയരണം. പെൺകുട്ടികൾക്ക് അഭിപ്രായങ്ങൾ പറയുന്നതിന് അവസരം നൽകണം. സ്ത്രീകൾക്ക് അവരിൽ അന്തർലീനമായ കഴിവുകൾ സ്വയം തിരിച്ചറിയാൻ സാധിക്കണം. സ്വന്തം ജീവിതം തിരിച്ചറിയാനും നിർണയിക്കാനും പെൺകുട്ടികൾക്ക് അവകാശം നൽകണം. സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ആർജിക്കുന്നതിന് പെൺകുട്ടികളെ പ്രാപ്തമാക്കിയെങ്കിലേ സ്ത്രീശാക്തീകരണം പൂർണമാകുകയുള്ളു. സ്ത്രീവിരുദ്ധമായ ചിന്താഗതികൾ സമൂഹത്തിൽ ശക്തമാണ്. ഇതുമൂലമാണ് സ്ത്രീകൾക്ക് പ്രത്യേക സംരക്ഷണം ആവശ്യമായി വരുന്നത്. സമൂഹത്തിന്റെ തെറ്റായ ചിന്താഗതിയിൽ മാറ്റമുണ്ടാക്കാനാണ് വനിതാ കമ്മിഷൻ ശ്രമിച്ചുവരുന്നത്. തുല്യത ഉറപ്പാക്കുന്നതാണ് ഭരണഘടനയുടെ അന്തസത്തയെങ്കിലും ഇതു പ്രാവർത്തികമാക്കുന്ന സാമൂഹിക സാഹചര്യം പൂർണതയിൽ എത്തിയിട്ടില്ലെന്നും വനിതാ കമ്മിഷൻ അധ്യക്ഷ പറഞ്ഞു.

Advertisement