ചവറ: ഒഎന്‍വി സാഹിത്യ പുരസ്‌കാര സമര്‍പ്പണം ഇന്ന് വൈകിട്ട് അഞ്ചിന് കവിയുടെ ജന്മദേശമായ ചവറയില്‍ നടക്കും. ഒഎന്‍വി റോഡിന്റെ സമീപത്ത് ഒരുക്കിയിരിക്കുന്ന വേദിയില്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു കവി സച്ചിദാനന്ദന് പുരസ്‌കാരം സമ്മാനിക്കും.ഒരു ലക്ഷം രൂപയും കാരയ്ക്കാമണ്ഡപം വിജയകുമാര്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് കേരള സര്‍വകലാശാലയുടെ ഒഎന്‍വി സാഹിത്യ പുരസ്‌കാരം. സര്‍വകലാശാല വൈസ്ചാന്‍സലര്‍ പ്രൊഫ.ഡോ.വി പി മഹാദേവന്‍പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രൊ വൈസ്ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, ജനപ്രതിനിധികള്‍, സാഹിത്യസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഒഎന്‍വിയുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും നടനും സംവിധായകനുമായ മധുപാല്‍ ഒഎന്‍വി അനുസ്മരണ പ്രഭാഷണം നടത്തും. പുരസ്‌കാര സമര്‍പ്പണ ചടങ്ങിനോട് അനുബന്ധിച്ച് ചലച്ചിത്ര പിന്നണിഗായകരായ കല്ലറ ഗോപനും ജി ശ്രീറാമും നാരായണി ഗോപനും സംഘവും അവതരിപ്പിക്കുന്നസംഗീതാര്‍ച്ചനയും ഒരുക്കിയിട്ടുണ്ട്.