കൊച്ചി: ടെക്കികൾക്കും കോളേജ് വിദ്യാർഥികൾക്കുമിടയിൽ ലഹരിമരുന്ന് വിൽപ്പന നടത്തിവന്നിരുന്ന മൂന്നംഗ സംഘം കൊച്ചിയിൽ പിടിയിൽ.
മലപ്പുറം പെരിന്തൽമണ്ണ സ്വദേശി വെല്ലിയൻചേരി കപ്പിൽ വീട്ടിൽ സനിൽ(27) തിരുവല്ല സ്വദേശി ഗുരുകൃപയിൽ അഭിമന്യൂ സുരേഷ്(27) തിരുവനന്തപുരം മുട്ടത്തറ വള്ളക്കടവ് സ്വദേശി ശിവശക്തി വീട്ടിൽ അമൃത(24) എന്നിവരെയാണ് കൊച്ചി സിറ്റി ഡാൻസാഫും ഇൻഫോപാർക്ക് പോലീസും ചേർന്ന് പിടികൂടിയത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന 28 ഗ്രാം എം.ഡി.എം.എ. ലഹരിമരുന്നും ഇവരിൽനിന്ന് പിടിച്ചെടുത്തു. പിടിയിലായ അഭിമന്യൂ കായികാധ്യാപകനാണ്.

ടെക്കികൾക്കും വിദ്യാർഥികൾക്കും ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന പ്രതികളെ ഏതാനുംനാളുകളായി എസ്.ഐ. രാമുചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘം നിരീക്ഷിച്ചുവരികയായിരുന്നു. ഫോണുകളും സിംകാർഡുകളും മാറി മാറി ഉപയോഗിച്ചിരുന്ന സംഘം, പലതവണ പോലീസിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ടു. തുടർന്ന് കഴിഞ്ഞദിവസം സാഹസികമായാണ് മൂന്നംഗസംഘത്തെ പോലീസ് പിടികൂടിയത്.