അഷ്ട‌മുടിക്കായലിലെ കണ്ടൽത്തുരുത്തുകളിൽ മാലിന്യം തള്ളി സാമൂഹ്യവിരുദ്ധർ

കൊല്ലം അഷ്ടമുടിക്കായലിലെ കണ്ടൽത്തുരുത്തുകൾ മാലിന്യം തള്ളിയും തീയിട്ടും നശിപ്പിച്ച്‌ സാമൂഹ്യവിരുദ്ധർ.

ആൾത്താമസമില്ലാത്ത ചെറുതുരുത്തുകളിലെ സമൃദ്ധമായ കണ്ടൽക്കാടുകളിലാണ്‌ മീൻപിടിത്ത ബോട്ടുകൾ പൊളിക്കുന്നതിന്റെ അവശിഷ്ടങ്ങൾ തള്ളി തീയിടുന്നത്‌. ശക്തികുളങ്ങര കല്ലുപുറം കടവിൽനിന്ന്‌ പുത്തൻതുരുത്തിലേക്ക് പോകുന്നതിന് സമീപം ചെറുതുരുത്തുകളിലെ കണ്ടൽക്കാടുകളിലെല്ലാം ഈ ദുരന്തകാഴ്‌ചയുണ്ട്‌.

കായലിന്റെ തീരദേശങ്ങളിൽ ബോട്ട് പൊളിക്കുന്ന വർക്‌ഷോപ്പുകളിലെ അവശിഷ്ടങ്ങൾ എത്തുന്നത് ഈ തുരുത്തുകളിലാണ്. ദിവസവും തുടർച്ചയായി എത്തിക്കുന്ന മാലിന്യം ശനിയാഴ്ചയാണ്‌ കത്തിക്കുന്നത്‌. വിഷയം പൊലീസിന്റെയും വനംവകുപ്പ് അധികൃതരുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഫലപ്രദമായ നടപടിയുണ്ടായില്ല. വള്ളത്തിൽ കയറി തുരുത്തിൽ എത്തിച്ചേരുന്നതിന്റെ ജീവഭയംകൊണ്ട് പൊലീസ് ഇതുവരെ സ്ഥലം സന്ദർശിച്ചിട്ടില്ല.

തുരുത്തുകൾ 
രോഗക്കിടക്കയിൽ

|
ബോട്ടുപൊളിക്കുന്നതിന്റെ അവശിഷ്ടങ്ങളായ ഇരുമ്പിനും തുരുമ്പിനുമൊപ്പം തെർമോകോൾ, ഫൈബർ, സ്പോഞ്ച് എന്നിവയാണ് കണ്ടൽക്കാടിന് ഇടയിലേക്ക് വലിയ തോതിൽ തള്ളുന്നത്‌. ഇവ കത്തിക്കുമ്പോൾ ഉയരുന്ന വിഷപ്പുക സമീപത്തെ ജനവാസ കേന്ദ്രങ്ങളായ കണക്കൻ, അരുളപ്പൻ, ഫാത്തിമ, മിനിഫാത്തിമ തുടങ്ങി എട്ട്‌ തുരുത്തിലെ താമസക്കാരെ മാരകരോഗങ്ങൾക്ക് ഇരയാക്കുന്നു. അടുത്തകാലത്ത് തുരുത്തുകളിൽ ക്യാൻസർ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുണ്ട്‌. ശമനമില്ലാത്ത തലവേദന, ഛർദി, ശ്വാസംമുട്ടൽ തുടങ്ങിയ അസുഖങ്ങളും വ്യാപകമായുണ്ട്.
കത്തിത്തീരാത്ത അവശിഷ്ടങ്ങളും ഇരുമ്പിൽനിന്നുള്ള മാലിന്യങ്ങളും കായലിലേക്ക് ഒഴുകി വെള്ളത്തെയും വിഷലിപ്തമാക്കുന്നു. തുരുത്തിന് സമീപം മീനുകൾ വലിയ തോതിൽ ചത്തുപൊങ്ങുന്നത് ഇപ്പോൾ പതിവാണ്. തുരുമ്ബെടുത്ത ആണികൾ വൻതോതിൽ നിക്ഷേപിച്ചതിനാൽ തുരുത്തുകളിൽ കാല് കുത്താൻ കഴിയാത്ത അവസ്ഥയാണ്. ഇരുമ്പ് അവശിഷ്‌ടങ്ങൾ പലപ്പോഴും ചാക്കിൽക്കെട്ടി കായലിൽ കെട്ടിത്താഴ്ത്തുകയും ചെയ്യുന്നുണ്ട്‌.

മാലിന്യം തള്ളുന്നത്‌ 
ക്വട്ടേഷൻ സംഘം

ബോട്ടുകൾ പൊളിക്കുന്ന കേന്ദ്രങ്ങളിൽനിന്ന് മാലിന്യം ശേഖരിച്ച്‌ തുരുത്തുകളിൽ തള്ളുന്നതിന് പ്രവർത്തിക്കുന്നത്‌ നിരവധി ക്വട്ടേഷൻ സംഘങ്ങൾ. 10,000 മുതൽ 20,000 രൂപ വരെ ഈടാക്കിയാണ് മാലിന്യക്കൂമ്പാരം വള്ളത്തിൽ കയറ്റി തുരുത്തുകളിൽ തള്ളുന്നത്. സമീപവാസികൾ പലപ്പോഴും എതിർപ്പുമായി രംഗത്ത് എത്തിയപ്പോൾ ക്വട്ടേഷൻ സംഘം ഭീഷണിപ്പെടുത്തി.

ചാരമാകുന്നത്‌ ടൂറിസം സാധ്യതകളും

പ്രാക്കുളം സാമ്പ്രാണിക്കോടിയെപ്പോലെ സഞ്ചാരികളുടെ പറുദീസയായി മാറേണ്ട തുരുത്തുകളാണ് അധികൃതരുടെ അനാസ്ഥയിൽ വെന്തെരിയുന്നത്‌. സ്വകാര്യ, റവന്യു ഭൂമിയായിട്ടുള്ള ചെറുതുരുത്തുകളെ ടൂറിസം സർക്യൂട്ടിന്റെ ഭാഗമാക്കി വികസിപ്പിച്ചാൽ സമീപത്തെ തുരുത്തുകളിലുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്ന് കൗൺസിലർ രാജു നീലകണ്ഠൻ പറഞ്ഞു.

കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തും

തുരുത്തുകളിൽ മാലിന്യം നിക്ഷേപിക്കുന്നതും കണ്ടൽക്കാടുകൾ നശിപ്പിക്കുന്നതും കലക്ടറുടെയും മേയറുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് സ്ഥലം സന്ദർശിച്ച ഫോറസ്റ്റ് റേഞ്ച് ഓഫീസർ ആർ അജിത്കുമാർ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് കലക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സമിതിക്ക് അടിയന്തര നടപടികൾ സ്വീകരിക്കാൻ കഴിയും. റിപ്പോർട്ട് പൂർത്തിയാക്കിയ ശേഷം ഇരുവരെയും കണ്ട്‌ വിവരങ്ങൾ ധരിപ്പിക്കും.

Advertisement