കോഴിക്കോട് കോർപ്പറേഷന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം; അണയ്‌ക്കാൻ ശ്രമം

കോഴിക്കോട്: വെസ്റ്റ്ഹില്ലിൽ ബീച്ച് റോഡിൽ കോർപറേഷന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. പ്രദേശത്തൊന്നാകെ പുകയും ദുർഗന്ധവും നിറഞ്ഞു. വരയ്ക്കലിനു സമീപം തീരദേശ റോഡിലാണ് മാലിന്യ സംസ്കരണ കേന്ദ്രം.

അഗ്നിരക്ഷാസേനയുടെ നാലു യൂണിറ്റ് എത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തിവരികയാണ്. അതിനിടെ, മാലിന്യകേന്ദ്രത്തിലെ മാലിന്യം ടിപ്പർലോറിയിൽ കയറ്റി വിവിധ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. തൊട്ടടുത്ത ശാന്തിനഗർ കോളനിയിൽ മാലിന്യം കൊണ്ടുവന്നു തള്ളാനുള്ള ശ്രമമാണ് നാട്ടുകാർ തടഞ്ഞത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇവരുമായി ചർച്ച നടത്തി.

ഇവിടെ ആറാം തവണയാണ് തീപിടിത്തമുണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഇത്രയും വലിയ തീപിടിത്തം ഇതാദ്യമായാണ്. ‌അജൈവ മാലിന്യമാണ് ഇവിടെ സംഭരിക്കുന്നത്. ദിവസം അഞ്ചു ലോഡ് മാലിന്യം കൊണ്ടുവന്നു തള്ളുമ്പോൾ ഒരു ലോഡാണ് കൊണ്ടുപോകാറുള്ളതെന്ന് നാട്ടുകാർ പറഞ്ഞു.

കരസേനയുടെ അഗ്നിരക്ഷാ വാഹനമടക്കം സ്ഥലത്തുണ്ട്. അഗ്നിരക്ഷാസേനയുടെ ആറു യൂണിറ്റുകളും ഇവിടെയുണ്ട്. മേയർ അടക്കമുള്ളവർ സ്ഥലത്തെത്തി.

Advertisement