വയനാട് .പടിഞ്ഞാറത്തറയിൽ 30 ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്ന് പിടികൂടിയ സംഭവത്തിൽ ഒളിവിലുള്ള പ്രതി എ.കെ സുബൈർ ഇപ്പോഴും ഒളിവിൽ തന്നെ.
പ്രതിക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി എക്സൈസ്. വയനാട്ടിലും സമീപ പ്രദേശങ്ങളിലും ഹാഷിഷ് ഓയിലിന്റെ മൊത്തവിതരണക്കാരനെന്ന് സംശയിക്കുന്ന നരിപ്പാറ ഐക്കാരൻ വീട്ടിൽ സുബൈറിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
പന്തിപ്പൊയിൽ നരിപ്പാറയിൽ സുബൈറിന്റെ വീട്ടിൽ ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. വീടിനുള്ളിലെ അലമാരയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്.
190 പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ച 323 ഗ്രാം ഹാഷിഷ് ഓയിലും മെത്താംഫെറ്റമിനുമാണ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 30 ലക്ഷം രൂപ വിലവരുമെന്നാണ് എക്സൈസിന്റെ കണക്ക്. കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
വൻതോതിൽ ഹാഷിഷ് ഓയിൽ കുപ്പികളിലാക്കി സൂക്ഷിച്ചിരുന്നത് ലഹരിവിതരണ ശൃംഖലയെക്കുറിച്ച് കൂടുതൽ അന്വേഷണത്തിന് വഴിയൊരുക്കിയിട്ടുണ്ട്. വയനാട്ടിലും സമീപ പ്രദേശങ്ങളിലും ലഹരിമരുന്ന് വിതരണം ചെയ്യുന്നതിനായി ശേഖരിച്ചവയാണോ ഇവയെന്നും എക്സൈസ് പരിശോധിക്കുന്നുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനൊപ്പം ലഹരിമരുന്നിന്റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.




























