27.9 C
Kollam
Monday 19th October, 2026 | 09:22:25 AM
Home News Breaking News വൈദ്യുതി ബില്ലിൽ മാറ്റം വരും; പീക്ക് സമയം രാത്രി 11.30 വരെ നീട്ടും

വൈദ്യുതി ബില്ലിൽ മാറ്റം വരും; പീക്ക് സമയം രാത്രി 11.30 വരെ നീട്ടും

തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കൾക്ക് അധിക സാമ്പത്തികബാധ്യതയുണ്ടാക്കുന്ന പുതിയ താരിഫ് നയം വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ വിജ്ഞാപനം ചെയ്തു. 2027 ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജ് വ്യവസ്ഥകളും നിലവിൽ വരും. വൈദ്യുതി ബോർഡിന്റെ മുൻകാല നഷ്ടമായ 5,000 കോടി രൂപ നാലുവർഷംകൊണ്ട് സർച്ചാർജിലൂടെ ഈടാക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകളാണ് പുതിയ നയത്തിലുള്ളത്.

2027-28 മുതൽ 2031-32 വരെയുള്ള അഞ്ചുവർഷത്തെ വൈദ്യുതി നിരക്ക് പുതിയ നയത്തിന്റെ അടിസ്ഥാനത്തിലാകും നിശ്ചയിക്കുക. ഇതിൽ നാലുവർഷവും മുൻകാല നഷ്ടം നികത്താനുള്ള സർച്ചാർജ് ഏർപ്പെടുത്തും. വ്യാവസായിക ഉപഭോക്താക്കൾക്ക് ബില്ലിലെ നിശ്ചിത നിരക്കിന്റെ അടിസ്ഥാനത്തിലും മറ്റ് വിഭാഗങ്ങൾക്ക് നിശ്ചിത ശതമാനത്തിന്റെ അടിസ്ഥാനത്തിലുമാകും സർച്ചാർജ് കണക്കാക്കുക.

വൈദ്യുതി ഉത്പാദനച്ചെലവിൽ ഇന്ധനവില വർധനമൂലമുണ്ടാകുന്ന അധികബാധ്യത ഈടാക്കാൻ നിലവിൽ മാസംതോറും ഇന്ധന സർച്ചാർജ് ചുമത്തുന്നുണ്ട്. ദീർഘകാല കരാറുകളിലെ അധിക ചെലവ് മാത്രമായിരുന്നു ഇതുവരെ കണക്കാക്കിയിരുന്നത്. പുതിയ ചട്ടപ്രകാരം ഹ്രസ്വകാല, അടിയന്തര വൈദ്യുതി വാങ്ങലുകളിലെ അധിക ചെലവും ഉപഭോക്താക്കളിൽനിന്ന് ഈടാക്കാം. ഇതിന് കമ്മിഷന്റെ മുൻകൂർ അംഗീകാരം ആവശ്യമില്ല. എന്നാൽ, ശരാശരി വൈദ്യുതി വിലയുടെ നാലുശതമാനത്തിൽ കൂടുതൽ ഇന്ധന സർച്ചാർജായി നേരിട്ട് ഈടാക്കുന്നതിന് നിയന്ത്രണമുണ്ടാകും.

പീക്ക് സമയം രാത്രി 11.30 വരെ
വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള പീക്ക് സമയത്തിലും മാറ്റമുണ്ടാകും. നിലവിൽ വൈകിട്ട് ആറുമുതൽ രാത്രി പത്തുവരെയായിരുന്ന പീക്ക് സമയം രാത്രി 11.30 വരെ നീട്ടാനാണ് നിർദേശം. ഈ സമയത്ത് ഉയർന്ന നിരക്ക് ഈടാക്കുന്നതിനായി കൂടുതൽ വിഭാഗങ്ങളിൽ സമയാധിഷ്ഠിത വൈദ്യുതി മീറ്ററുകൾ സ്ഥാപിക്കും. രാവിലെ എട്ടുവരെയുള്ള സമയത്ത് കുറഞ്ഞ നിരക്ക് ഏർപ്പെടുത്താനും നയം നിർദേശിക്കുന്നു.

വൈദ്യുതി വിതരണച്ചെലവിന് അനുസരിച്ചായിരിക്കണം നിരക്ക് നിശ്ചയിക്കേണ്ടതെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നും നയം വ്യക്തമാക്കുന്നു. ഗാർഹിക ഉപഭോക്താക്കളുടെ സ്ഥിരനിരക്ക് കണക്ടഡ് ലോഡിന്റെ അടിസ്ഥാനത്തിൽ നിശ്ചയിക്കണമെന്നും നിർദേശമുണ്ട്.

വൈദ്യുതി സംഭരിക്കുന്നവർക്കും പ്രോത്സാഹനം

വീടുകളിൽ വൈദ്യുതി സംഭരിക്കാനുള്ള സംവിധാനം സ്ഥാപിച്ച് രാത്രിയിൽ അധിക വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്നവർക്ക് പ്രോത്സാഹനകരമായ നിരക്ക് നൽകാനും പുതിയ നയം നിർദേശിക്കുന്നു.

മുൻകാല നഷ്ടം നികത്താനുള്ള സർച്ചാർജ്, ഇന്ധനവിലയിലെ മാറ്റങ്ങൾക്കനുസരിച്ചുള്ള അധികബാധ്യത, പീക്ക് സമയത്തെ ഉയർന്ന നിരക്ക് എന്നിവ ഉപഭോക്താക്കളുടെ വൈദ്യുതി ചെലവിനെ ബാധിച്ചേക്കാം. 2027 ഏപ്രിൽ ഒന്നുമുതൽ നയം പ്രാബല്യത്തിൽ വരുന്നതോടെ ഗാർഹിക, വ്യാവസായിക ഉപഭോക്താക്കൾ ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളുടെ വൈദ്യുതി ബില്ലിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്നത് നിർണായകമാകും.

LEAVE A REPLY

Please enter your comment!
Please enter your name here