തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ ലഹരിവേട്ട. വിദേശത്തുനിന്ന് കടത്തിക്കൊണ്ടുവന്ന 2.03 കോടി രൂപ വിലമതിക്കുന്ന 5.8 കിലോഗ്രാം അതീവ വീര്യമേറിയ ഹൈഡ്രോപോണിക് കഞ്ചാവുമായി രണ്ട് മ്യാന്‍മര്‍ പൗരന്മാര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. മ്യാന്‍മര്‍ സ്വദേശികളായ യു യു ഖൈങ് (32), മിന്‍ സോ ഹെയ്ന്‍ (36) എന്നിവരാണ് എയര്‍ കസ്റ്റംസിന്റെ പിടിയിലായത്. സെപ്റ്റംബര്‍ എട്ടിന് രാത്രി 10:09-ന് സിംഗപ്പൂരില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ വിമാനത്തിലാണ് ഇരുവരും എത്തിയത്. യാത്രക്കാരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരുടെ ലഗേജുകള്‍ വിശദമായ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരുവരുടെയും ചെക്ക്-ഇന്‍ ബാഗുകളുടെ അടിഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറകളില്‍ഒളിപ്പിച്ച നിലയില്‍ ലഹരിവസ്തുക്കള്‍ കണ്ടെത്തിയത്. ബാഗുകള്‍ പൊളിച്ചുമാറ്റിയാണ് കസ്റ്റംസ് സംഘം കഞ്ചാവ് പുറത്തെടുത്തത്. പിടിച്ചെടുത്ത ഹൈഡ്രോപോണിക് കഞ്ചാവിന് ആകെ 5.8 കിലോഗ്രാം തൂക്കമുണ്ട്. അന്താരാഷ്ട്ര ലഹരിവിപണിയില്‍ ഇതിന് 2.03 കോടി രൂപയോളം വിലവരുമെന്ന് കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. സാധാരണ കഞ്ചാവിനേക്കാള്‍ അതീവ വീര്യമുള്ളതും മണ്ണില്ലാതെ പ്രത്യേക പോഷക ലായനികളില്‍ കൃത്രിമമായി വളര്‍ത്തിയെടുക്കുന്നതുമായ ഉയര്‍ന്നയിനം ലഹരിവസ്തുവാണ് ഹൈഡ്രോപോണിക് വീഡ്. പ്രതികള്‍ക്കെതിരെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് നിയമപ്രകാരം കേസെടുത്തു.































