കൊല്ലം : വിയറ്റ്നാമിലെ ബോട്ടപകടത്തിൽ മരിച്ച കൊട്ടാരക്കര ആവിക്കോട്ട് ഹൗസിൽ എ വി തോമസ് (57), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. തിങ്കൾ രാത്രി പത്തോടെ മുബൈ വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹങ്ങൾ അവിടെ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലും തുടർന്ന് കൊട്ടാരക്കരയിലെ വസതിയിലും എത്തിക്കും. ഇതിനുള്ള പ്രവർത്തനങ്ങൾ നോർക്ക ഏകോപിപ്പിക്കും.
ശനി പകൽ 10.30നാണ് വിയറ്റ്നാമിലെ ഫു ക്വാക്ക് ദ്വീപിന് സമീപം ഇവർ ഉൾപ്പെടെ 32 ഇന്ത്യൻ സഞ്ചാരികളും നാല് ജീവനക്കാരുമായി പോയ ബോട്ടപകടത്തിൽപ്പെട്ടത്. ഹോൺ മേയ് റൂട്ട് എൻഗോയ് ദീപിൽനിന്ന് ആൻ തോയ് തുറമുഖത്തേക്ക് യാത്രതിരിച്ച യാത്രാബോട്ട് മിനിറ്റുകൾക്കകം മറിയുകയായിരുന്നു. കരയിൽനിന്ന് 400 മീറ്റർ അകലെവച്ച് കടൽ പ്രക്ഷുബ്ധമാകുകയും ശക്തമായ കാറ്റുവീശുകയും ചെയ്തതോടെ സ്പീഡ് ബോട്ട് കീഴ്‌മേൽ മറിയുകയായിരുന്നു. അപകടത്തിൽ രണ്ട് മലയാളികളും 10 തമിഴ്‌നാട് സ്വദേശികളും മൂന്ന് ആന്ധ്രാ സ്വദേശികളും ഉൾപ്പെടെയാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച വൈകുന്നേരത്തോടെ ഹോ ചി മിൻ സിറ്റിയിൽ എത്തിച്ചു. ഇവിടെനിന്നാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. ഇതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം അപകടത്തിൽപ്പെട്ടവർക്ക് വൈദ്യസഹായം ലഭിക്കാൻ താമസിച്ചെന്ന ആരോപണമുണ്ട്. അപകടത്തിൽപ്പെട്ട സ്പീഡ് ബോട്ടിന്റെ ക്യാപ്റ്റനെ വിയറ്റ്നാം പൊലീസ് കസ്റ്റഡിയിലെടുത്തു. സുരക്ഷാചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയാണ് ക്യാപ്റ്റൻ നുയെൻ ഹോങ് ഹായിനെ (57) കസ്റ്റഡിയിലെടുത്തത്.




























