29.9 C
Kollam
Sunday 20th September, 2026 | 12:31:29 PM
Home News Breaking News തിരുവനന്തപുരം കാഞ്ഞിരംകുളത്ത് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; കോടതിയിൽ സാക്ഷി പറഞ്ഞത് ആക്രമണ കാരണം

തിരുവനന്തപുരം കാഞ്ഞിരംകുളത്ത് യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമം; കോടതിയിൽ സാക്ഷി പറഞ്ഞത് ആക്രമണ കാരണം

തിരുവനന്തപുരം: കഠിനംകുളത്ത് സുഹൃത്തിനെ ആക്രമിച്ച കേസിൽ കോടതിയിൽ സാക്ഷി പറഞ്ഞതിന് യുവാവിനെ ഗുണ്ടാസംഘം വെട്ടിക്കൊല്ലാൻ ശ്രമിച്ചു. കഠിനംകുളം സ്റ്റേഷൻ പരിധിയിലെ ചിറ്റാറ്റുമുക്കിൽ ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണമുണ്ടായത്. ചിറ്റാറ്റുമുക്ക് സ്വദേശി ഫെബിൻ (37) ആണ് വധശ്രമത്തിനിരയായത്.

കഴിഞ്ഞവർഷം കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഫെബിനൊപ്പം സഞ്ചരിച്ച സുഹൃത്തിനെ ഏഴംഗ ഗുണ്ടാസംഘം മാരകമായി ആക്രമിച്ചിരുന്നു. ഈ കേസിലെ പ്രധാന ദൃക്സാക്ഷിയായ ഫെബിൻ ഗുണ്ടകളുടെ ഭീഷണിക്ക് വഴങ്ങാതെ കോടതിയിൽ സാക്ഷി പറഞ്ഞിരുന്നു.

ഇതിലുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ വധശ്രമത്തിന് പിന്നിൽ.

അന്നത്തെ കേസിലെ മൂന്നാം പ്രതിയായ ‘തക്കാളി വിനോജ്’ എന്ന് വിളിക്കുന്ന വിനോജ്, ക്ലിന്റൺ എന്നിവരടങ്ങുന്ന സംഘമാണ് ഫെബിനെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചത്. കഴക്കൂട്ടത്ത് നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഫെബിനെ സ്കൂട്ടർ കുറുകെ വെച്ച് തടഞ്ഞുനിർത്തിയാണ് ഗുണ്ടകൾ ആക്രമിച്ചത്.

ആക്രമണത്തിൽ ഫെബിന്റെ ഇരു കൈകൾക്കും ഗുരുതരമായി വെട്ടേറ്റു. ഒരു കൈ അറ്റുതൂങ്ങിയ നിലയിലാണ്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഫെബിന്റെ മുതുകിലും കാലിലും പ്രതിയായ ക്ലിന്റൺ വീണ്ടും വെട്ടുകയായിരുന്നു. ചോര വാർന്ന് റോഡിൽ കിടന്ന ഫെബിനെ നാട്ടുകാരാണ് ഓടിക്കൂടി ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.