തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാന പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലംമാറ്റം. അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. ശ്യാംകൃഷ്ണയ്ക്കാണ് വയനാട്ടിൽ നിന്നും ആറ്റിങ്ങൽ കോടതിയിലേക്ക് സ്ഥലംമാറ്റം നൽകിയത്. അന്വേഷണം പ്രത്യേക സംഘത്തെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെ കുടുംബം സന്ദർശിച്ചിരുന്നു. കുടുംബത്തിന്റെ ആവശ്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പും നൽകി. എന്നാൽ, പിന്നാലെയാണ് പ്രധാന പ്രതിക്ക് സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റം നൽകിയത്. 2024 ജനുവരി 21നാണ് അനീഷ്യയെ പരവൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സഹപ്രവർത്തകരിൽ നിന്നും മേലുദ്യോഗസ്ഥരിൽ നിന്നും മാനസിക പീഡനം നേരിട്ടുവെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം.
സഹപ്രവർത്തകരുടെ മാനസിക പീഡനം മൂലമാണ് അസി. പ്രോസിക്യൂട്ടറായിരുന്ന് അനീഷ്യ ആത്മഹത്യ ചെയ്തുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ അബ്ദുള്‍ ജലീല്‍, പ്രോസിക്യൂട്ടറായ ശ്യാം കൃഷ്ണ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. അനീഷ്യയെക്കെതിരെ പ്രതികള്‍ നിരന്തരമായി മോശം പ്രചാരണം നടത്തിയെന്നാരോപണം ഉയർന്നിരുന്നു.
മരിക്കുന്നതിന് തലേദിവസം ശ്യാം കൃഷ്ണ ഐഫോണിൽ അനീഷ്യയുടെ ഓഫീസ് അടഞ്ഞു കിടക്കുന്നതിന്‍റെ ചിത്രവും ശബ്ദ സന്ദേശങ്ങളും മറ്റ് ചിലർക്ക് അയച്ചിരുന്നുവെന്നും പൊലീസ് കണ്ടെത്തി. ഇവ തൊണ്ടി മുതലായ ഫോണിൽ നിന്നും വീണ്ടെടുക്കാൻ ഫോൺ ശാസ്ത്രീയ പരിശോധനക്കയച്ചിരുന്നു.






























