27.7 C
Kollam
Saturday 19th September, 2026 | 10:56:43 PM
Home News Kerala കൊല്ലം ആശ്രാമം ഇ.എസ്.ഐ ആശുപത്രി മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എസന്‍ഷ്യാലിറ്റി  സര്‍ട്ടിഫിക്കറ്റ്...

കൊല്ലം ആശ്രാമം ഇ.എസ്.ഐ ആശുപത്രി മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എസന്‍ഷ്യാലിറ്റി  സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എംപി

കൊല്ലം ആശ്രാമം ഇ.എസ്.ഐ മോഡല്‍ ആന്‍റ് സൂപ്പര്‍ സെപ്ഷ്യാലിറ്റി ആശുപത്രി മെഡിക്കല്‍ കോളേജ് ആയി ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എസന്‍ഷ്യാലിറ്റി  സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അറിയിച്ചു.  2026-2027 അദ്ധ്യയന വര്‍ഷം 50 എംബിബിഎസ് സീറ്റുകളിലേയ്ക്ക് പ്രവേശനത്തിനായിട്ടാണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.  സര്‍ട്ടിഫിക്കറ്റിന് മൂന്ന് വര്‍ഷത്തെ കാലാവധിയാണുളളത്.  2026-27 ല്‍ 50 എംബിബിഎസ് സീറ്റുകള്‍ക്ക് വേണ്ടിയാണ് ഇ.എസ്.ഐ കോര്‍പ്പറേഷന്‍ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയത്.   പുതിയ മെഡിക്കല്‍ കോളേജിന്  നാഷണല്‍ മെഡിക്കല്‍ കമ്മീഷന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി വരെ പിണറായി സര്‍ക്കാര്‍ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല.  കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലുളള ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ജനറല്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടു പോലും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ കാലതാമസം വരുത്തി. നാഷണല്‍ മെഡിക്കല്‍ കമ്മീഷന് അപേക്ഷ നല്‍കേണ്ട അവസാന  ദിവസത്തിനു മുമ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു വേണ്ടി നടത്തിയ എല്ലാ ശ്രമങ്ങളും സര്‍ക്കാരിന്‍റെ പിടിവാശിമൂലം നടന്നില്ല.  യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം വിഷയം ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍റെ ശ്രദ്ധയില്‍ കൊണ്ടു വന്നു. മന്ത്രി ഫയല്‍ പരിശോധിക്കുകയും പഠിക്കുകയും  സമയബന്ധിതമായി തുടര്‍ നടപടി സ്വീകരിക്കുകയും ചെയ്തതിന്‍റെ  അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്.  മെഡിക്കല്‍ കമ്മീഷന് അപേക്ഷ നല്‍കാന്‍ ഒരു കടമ്പ കൂടി ബാക്കിയുണ്ട്.    കേരളാ  ആരോഗ്യ സര്‍വ്വകലാശാലയുടെ അഫിലിയേഷന്‍ ലഭിക്കണം. നാഷണല്‍ മെഡിക്കല്‍ കമ്മീഷന് പുതിയ മെഡിക്കല്‍  കോളേജിന് അപേക്ഷ നല്‍കേണ്ട അവസാന തീയതി കഴിഞ്ഞ സാഹചര്യത്തില്‍ ഈ അദ്ധ്യയന വര്‍ഷം അനുമതിയ്ക്കായി അപേക്ഷിക്കാന്‍ കഴിയില്ല.

നീറ്റ് പരീക്ഷയിലൂണ്ടായ പ്രശ്നങ്ങള്‍ മൂലം ഒന്നാം വര്‍ഷ  എംബിബിഎസ് പ്രവേശനം വൈകാന്‍ സാധ്യതയുണ്ട്.  ഈ പ്രത്യേക സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ അപേക്ഷ സമര്‍പ്പിക്കുന്നതില്‍ ഇളവ് ലഭിക്കുവാന്‍ കഴിയോ എന്നതിന്‍റെ സാധ്യത പരിശോധിക്കാന്‍ ഈ മാസം അവസാനം ചേരുന്ന ഇ.എസ്.ഐ ബോര്‍ഡ് യോഗത്തില്‍ ആവശ്യപ്പെടും.  എന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കില്‍ ഈ വര്‍ഷം തന്നെ കോളേജ് ആരംഭിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും അതിനായി പരിശ്രമം തുടരുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു.

എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാത്ത ഇടതു സര്‍ക്കാരിന്‍റെ നിലപാട് കാരണം ഈ വര്‍ഷം പുതിയ മെഡിക്കല്‍ കോളേജ് ആരംഭിക്കാനുളള അവസരമാണ് ഇല്ലാതായത്.   തൊഴിലാളി ദ്രോഹപരമായ നിലപാടാണ് കഴിഞ്ഞ സര്‍ക്കാര്‍ കൈക്കൊണ്ടത്. അധികാരത്തിലെത്തിയ ശേഷം അതിവേഗതയില്‍ സമയബന്ധിതമായി എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയ ആരോഗ്യ മന്ത്രി കെ. മുരളീധരനെ അഭിനന്ദിക്കുമെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു.