Home News Kerala സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചു… ‘മോളിവുഡ് ടൈംസ്’ സിനിമയ്ക്കെതിരെ കേസ്

സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചു… ‘മോളിവുഡ് ടൈംസ്’ സിനിമയ്ക്കെതിരെ കേസ്

പ്രദര്‍ശനം തുടരുന്ന ‘മോളിവുഡ് ടൈംസ്’ സിനിമയ്ക്കെതിരെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സെന്‍സര്‍ ബോര്‍ഡ്) നല്‍കിയ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ച് ഒഴിവാക്കാന്‍ നിര്‍ദേശിച്ച അശ്ലീല സംഭാഷണങ്ങളും ദൃശ്യങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയെന്നാണ് പരാതി.

നസ്ലിന്‍ നായകനായി അഭിനയിച്ച ചിത്രം നിലവില്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് സംവിധായകനും നിര്‍മാതാവും ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകര്‍ നിയമനടപടികള്‍ നേരിടുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് തിരുവല്ലം പൊലീസ് കേസ് എടുത്തത്.

ജൂണ്‍ 2-നാണ് ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. തുടര്‍ന്ന് ജൂണ്‍ 5-ന് ചിത്രം റിലീസ് ചെയ്തു. എന്നാല്‍ സെന്‍സറിങ് നടപടിക്കിടെ ഒഴിവാക്കാന്‍ നിര്‍ദേശിച്ച ചില അശ്ലീല സംഭാഷണങ്ങളും ദൃശ്യങ്ങളും പിന്നീട് സിനിമയില്‍ ഉള്‍പ്പെടുത്തിയതായി സെന്‍സര്‍ ബോര്‍ഡ് കണ്ടെത്തിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

സെന്‍സര്‍ ബോര്‍ഡിനെ കബളിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് ലഭിച്ച പതിപ്പില്‍ നിന്ന് വ്യത്യസ്തമായ ചിത്രം പ്രദര്‍ശിപ്പിച്ചുവെന്നും പരാതിയില്‍ ആരോപിക്കുന്നു. കേസില്‍ നിര്‍മാതാവിനെ ഒന്നാം പ്രതിയായും സംവിധായകനെ രണ്ടാം പ്രതിയായും വിതരണക്കാരനെ മൂന്നാം പ്രതിയായും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ചിത്രം പ്രദര്‍ശിപ്പിച്ച തിയേറ്റര്‍ ഉടമകളെയും പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. സിനിമാട്ടോഗ്രാഫ് ആക്ട് പ്രകാരമുള്ള വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിര്‍മാതാവിനെയും സംവിധായകനെയും ഉള്‍പ്പെടെയുള്ള പ്രതികളെ ഉടന്‍ ചോദ്യം ചെയ്യുന്നതിനായി വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.