നടന്‍ ടിനി ടോമിനെതിരെ നേരിട്ട് കോടതിയില്‍ ക്രിമിനല്‍ ഹര്‍ജി ഫയല്‍ ചെയ്ത് നടി അന്‍സിബ ഹസന്‍. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് അന്‍സിബ ഈ പെറ്റീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്. അന്‍സിബയുടെ അഭിഭാഷകനായ ഫിര്‍ദൗസ് മനോരമ ഓണ്‍ലൈനിനോട് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഹര്‍ജി വിജയകരമായി ഇ-വെരിഫൈ ചെയ്ത് ആവശ്യമായ കോടതി ഫീസ് അടച്ചതായും ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്ന് നടന്‍ ടിനി ടോം തനിക്കെതിരെ നിരന്തരമായി അധിക്ഷേപങ്ങളും ജിഹാദി ആരോപണങ്ങളും ഉന്നയിച്ച് വ്യക്തിഹത്യ നടത്തിയെന്നാണ് നടി അന്‍സിബ ഹസന്റെ പ്രധാന പരാതി. താന്‍ ഡ്രൈവറെ മതം മാറ്റാന്‍ ശ്രമിക്കുന്ന ഒരു ജിഹാദിയാണെന്ന രീതിയില്‍ ടിനി ടോം തികച്ചും വര്‍ഗീയവും അപകീര്‍ത്തികരവുമായ വ്യാജപ്രചരണങ്ങള്‍ നടത്തിയെന്നും, ഇത് തന്റെ കരിയറിനെയും വ്യക്തിജീവിതത്തെയും ബാധിക്കുന്ന തരത്തില്‍ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും അന്‍സിബ ആരോപിക്കുന്നു.
എന്നാല്‍ ഈ ആരോപണങ്ങളെല്ലാം വ്യക്തിപരമായ വൈരാഗ്യം മൂലം കെട്ടിച്ചമച്ചതാണെന്നായിരുന്നു ടിനി ടോമിന്റെ നിലപാട്. ആരോപണങ്ങള്‍ പൂര്‍ണമായി നിഷേധിച്ച ടിനി ടോം, താന്‍ അങ്ങനെയൊരു പരാമര്‍ശവും നടത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ചു.
നേരത്തെ ഈ വിഷയത്തില്‍ കടവന്ത്ര പൊലീസ് പ്രാഥമിക അന്വേഷണം നടത്തുകയും ടിനി ടോം ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസിന്റെ ഭാഗത്തുനിന്നുള്ള തുടര്‍നടപടികള്‍ വൈകുന്ന പശ്ചാത്തലത്തിലാണ്, കേസ് കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അന്‍സിബ നേരിട്ട് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. വരും ദിവസങ്ങളില്‍ കോടതി ഈ ഹര്‍ജി വിശദമായി പരിഗണിക്കും. സിനിമാ സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങള്‍ ഒത്തുതീര്‍പ്പുകളില്ലാതെ നേരിട്ട് കോടതിയിലെത്തിയത് മലയാള ചലച്ചിത്ര ലോകത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.






























