വ്യാഴം ജൂൺ 1 മുതൽ (ഇടവം 18ന്) മിഥുനം രാശിയിൽ നിന്നും കർക്കടകം രാശിയിലേക്ക് പ്രവേശിക്കുന്നു. ശരാശരി ഒരു കൊല്ലക്കാലമാണ് വ്യാഴം ഒരു രാശിയിൽ സഞ്ചരിക്കുന്നത്.മേടക്കൂറ് മുതൽ മീനക്കൂറ് വരെ പന്ത്രണ്ട് കൂറുകളിൽ ജനിച്ചവർക്ക് വ്യാഴത്തിൻ്റെ രാശി മാറ്റം കൊണ്ടുള്ള വിശദമായ ഫലം അറിയാം.ഗ്രഹനിലയിൽ വ്യാഴം അനുകൂലനെങ്കിൽ ജീവിത വിജയം സുനിശ്ചിതമാണ് .
മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ഒന്നാം പാദം)
വ്യാഴം മൂന്നാം ഭാവത്തിൽ നിന്നും ഇപ്പോൾ നാലാം ഭാവത്തിലേക്ക് മാറുന്നു. പൂർണ്ണമായും ഗുണാനുഭവങ്ങൾ ഉണ്ടാകുമെന്ന് പറയാനാവില്ല. എന്നാലും കാര്യങ്ങൾ കുറച്ചൊക്കെ പോസിറ്റീവാവും. മനക്ലേശം കുറയാം. തൊഴിലിടത്തിൽ സമ്മർദ്ദങ്ങൾ ഉണ്ടാവില്ല. തൊഴിൽ തേടുന്നവർക്ക് സ്വന്തമായി വരുമാനമാർഗം കണ്ടെത്താനാവും. കുടുംബ ബന്ധങ്ങൾ ഊഷ്മളമാവും. പ്രണയബന്ധം വിവാഹത്തിലേക്ക് നയിക്കുന്നത് ആണ്.
ഇടവക്കൂറ് (കാർത്തിക 2,3,4 പാദങ്ങൾ, രോഹിണി, മകയിരം 1, 2 പാദങ്ങൾ)
ഗുണപ്രദമായ രണ്ടാം ഭാവത്തിൽ നിന്നും മൂന്നാം ഭാവത്തിലേക്കാണ് വ്യാഴം മാറുന്നത്. സഹോദര സ്ഥാനത്തുള്ളവരിൽ നിന്നും തനിക്കും, തിരികെയും ഗുണമുണ്ടാവും. ആവശ്യപ്പെടാതെ തന്നെ സഹായിക്കാൻ പലരും മുന്നോട്ടു വരുന്നതാണ്. മാതാപിതാക്കൾക്ക് തൊഴിൽ വളർച്ച, ആരോഗ്യ സൗഖ്യം എന്നിവ പ്രതീക്ഷിക്കാം. പൊതുവേ ഭാഗ്യാനുഭവങ്ങൾ ഉള്ള കാലമാവും. ഏറെക്കാലമായി സ്വപ്നം കാണുന്ന തീർത്ഥാടനത്തിന് അവസരം കിട്ടുന്നതാണ്. ധനപരമായി കൂടുതൽ കരുതൽ വേണ്ടതാണ്. വ്യാപാരത്തിൽ കൂടുതൽ മുതൽമുടക്കുന്നത് ബുദ്ധിപൂർവ്വമാവണം. ആരോഗ്യപരിപാലനത്തിൽ ആലസ്യമരുത്.സഹപ്രവർത്തകരുടെ പിന്തുണ എപ്പോഴുമുണ്ടാവും. പ്രതിസന്ധികളിൽ നല്ല തീരുമാനമെടുക്കാൻ സാഹചര്യമൊരുങ്ങും.
മിഥുനക്കൂറ് (മകയിരം 3, 4 പാദങ്ങൾ, തിരുവാതിര, പുണർതം 1, 2, 3 പാദങ്ങൾ)
ജന്മത്തിലായിരുന്നു വ്യാഴം. ആ അനിഷ്ടസ്ഥിതി മാറി വ്യാഴം അനുകൂല സ്ഥാനമായ രണ്ടാം ഭാവത്തിലേക്ക് മാറുന്നു. പ്രയത്നങ്ങൾക്ക് വേഗം ഫലസിദ്ധി കൈവരുന്നതാണ്. ഔദ്യോഗിക രംഗത്ത് ഉദ്വേഗവും പിരിമുറുക്കവും കുറയും. കാര്യങ്ങൾ സുഗമതയിലാവും. സംരംഭങ്ങൾ സാക്ഷാല്ക്കരിക്കാൻ കഴിയുന്നതാണ്. ഉന്നതരുടെ ഒത്താശ ലഭിക്കും. പഠനത്തിൽ മികവുണ്ടാവും. അർഹതയുള്ളവർക്ക് അവസരങ്ങൾ കൈവരുന്നതാണ്. ധനപരമായി ഉയർച്ച പ്രതീക്ഷിക്കാം. വാക്കുകൾ ശ്രദ്ധിക്കപ്പെടും. കലാപ്രവർത്തനം ഉന്നതിയിലെത്തും. വീടുവാങ്ങാനാവും. വാഹനയോഗമുണ്ട്. കുടുംബത്തിൽ പാരസ്പര്യം സമാധാനം സൃഷ്‌ടിക്കുന്നതാണ്. മക്കൾക്ക് ശ്രേയസ്സുണ്ടാവും. സാമൂഹികമായി ഉയർച്ചയും അംഗീകാരവും പ്രതീക്ഷിക്കാം.
കർക്കടകക്കൂറ് (പുണർതം 4 -ാം പാദം, പൂയം, ആയില്യം)
പന്ത്രണ്ടാം ഭാവത്തിൽ നിന്നും ജന്മരാശിയിലേക്ക് മാറുകയാണ് വ്യാഴം. ജന്മ ക്ഷേത്രത്തിൽ വ്യാഴം അനുകൂലമല്ല. എന്നാൽ ഉച്ചരാശിയിലാകയാൽ ദോഷം പരിമിതമാവും. സാമാന്യമായി ഗുണവും പ്രതീക്ഷിക്കാം. ജോലിമാറ്റം സാധ്യതയാണ്. എന്നാൽ നിലവിലെ ജോലി കരുതലോടെ വേണം ഉപേക്ഷിക്കാൻ. ദൂരദിക്കിൽ ജോലി ചെയ്യുന്നവർക്ക് അടുത്ത പ്രദേശത്തേക്ക് സ്ഥലം മാറ്റം വൈകാം. ബിസിനസ്സിൽ തരക്കേടില്ലാത്ത വളർച്ചയുണ്ടാവും. ധനാഗമമാർഗങ്ങൾ തടസ്സപ്പെടില്ല. പ്രണയം പൂവണിയും. വിവാഹം നടന്നേക്കും. മക്കളുടെ വിദ്യാഭ്യാസം, ജോലി ഇവയിൽ ആശ്വാസവാർത്ത ഉണ്ടാവും. ഭാഗ്യാനുഭവങ്ങൾ തടസ്സപ്പെടില്ല. തുടങ്ങിയ കാര്യങ്ങൾ പൂർത്തീകരിക്കാൻ കൂടുതൽ സമയം വേണ്ടിവന്നേക്കാം.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ഒന്നാം പാദം)
പതിനൊന്നാം ഭാവത്തിൽ നിന്നും പന്ത്രണ്ടിലേക്കാണ് വ്യാഴത്തിൻ്റെ സംക്രമം. പന്ത്രണ്ടാമെടം വ്യയം, വേർപാട്, പ്രവാസം തുടങ്ങിയവയെക്കുറിക്കുന്ന ഭാവങ്ങളാണ്. സ്വതസ്സിദ്ധമായ കഴിവുകൾ തടസ്സപ്പെടാനിടയുണ്ട്. ദൂരദിക്കുകളിൽ പഠനം, ജോലി തുടങ്ങിയവയ്ക്ക് അവസരമൊരുങ്ങും. പണവരവിൽ തടസ്സങ്ങൾ വരാം. എന്നാൽ ചെലവ് കുറയില്ല. വ്യവഹാരങ്ങൾ കോടതിക്ക് പുറത്ത് തീർക്കുകയാവും ഉചിതം. വൻകിട സംരംഭങ്ങൾ തുടങ്ങുന്നതിൽ കരുതൽ വേണം.നല്ലകാര്യങ്ങൾ, മതവിഷയങ്ങൾ, ജീവകാരുണ്യ പ്രവർത്തനം എന്നിവയ്ക്കു വേണ്ടി ചെലവ് ചെയ്യും. കിടപ്പ് രോഗികൾക്ക് പാരമ്പര്യ ചികിൽസാരീതികൾ പ്രയോജനപ്പെടാം. വീട് നിർമ്മാണം/ ഫ്ളാറ്റ് വാങ്ങൽ/ വാഹനം വാങ്ങൽ ഇവ സാധ്യമാവും. കളഞ്ഞുപോയ വിലപ്പെട്ടവ തിരികെ കിട്ടാം.
കന്നിക്കൂറ്(ഉത്രം 2,3,4 പാദങ്ങൾ, അത്തം, ചിത്തിര 1,2 പാദങ്ങൾ)
പത്താം ഭാവത്തിൽ നിന്നും വ്യാഴം ഇപ്പോൾ പതിനൊന്നിലേക്ക് മാറുന്നു. ശുഭഫലങ്ങൾക്ക് പ്രാമുഖ്യമുണ്ടാവും. ഭൗതിക സാഹചര്യം അഭിവൃദ്ധിപ്പെടുന്നതാണ്. തൊഴിൽ രഹിതർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാനാവും. നിലവിലെ പദവി ഉയരുന്നതാണ്. വേതന വർദ്ധനവ് പ്രതീക്ഷിക്കാം. കർമ്മരംഗത്ത് ശോഭിക്കാൻ കഴിയുന്നതാണ്. എതിർപ്പുകളെ നിഷ്‌പ്രഭമാക്കി മുന്നേറും. ഭോഗസുഖം, പ്രണയ വിജയം, വിവാഹയോഗം എന്നിവ പ്രതീക്ഷിക്കാം. പൈതൃകസ്വത്ത് ലഭിക്കുന്നതാണ്. പാരിതോഷികങ്ങൾ നേടുന്നതാണ്. ആരോഗ്യ പരിരക്ഷ വിജയിക്കും.നിക്ഷേപങ്ങൾ നടത്തും. മത്സരങ്ങളിൽ വിജയിച്ച് നേതൃപദവി വഹിക്കും.
തുലാക്കൂറ്( ചിത്തിര 3,4 പാദങ്ങൾ, ചോതി, വിശാഖം 1,2,3 പാദങ്ങൾ)
ഭാഗ്യസ്ഥാനത്തു നിന്നും കർമ്മസ്ഥാനത്താണ് വ്യാഴത്തിൻ്റെ സഞ്ചാരം. തൊഴിലിടത്തിൽ സമാധാനമുണ്ടാവുന്നതാണ്. ജോലി മാറ്റത്തിന് അവസരം തെളിയും. സംരംഭത്തിന് തദ്ദേശസ്ഥാപനത്തിൻ്റെ അനുമതി ലഭിക്കുന്നതാണ്. വീട് വാങ്ങുക, ഭൂമി വിൽക്കുക തുടങ്ങിയവയിലെ തടസ്സം നീങ്ങും. വാക്ചാതുര്യം സഭകളിൽ ശോഭിക്കാനവസരം നൽകും. ഗവേഷണം പൂർത്തിയാക്കും. കടബാധ്യത അധികരിക്കില്ല. എന്നാൽ മുഴുവൻ കടവും കൊടുത്തുതീർക്കാൻ കഴിയണമെന്നില്ല. ആരാധനാലയങ്ങളിൽ പ്രവർത്തിക്കും. തീർത്ഥാടന യോഗമുണ്ട്. പ്രണയികൾക്ക് ഇച്ഛാഭംഗം വരാം. ജീവിത ശൈലിരോഗങ്ങൾ നിയന്ത്രിക്കാനാവും. കുടുംബ ജീവിതം കൂടുതൽ ഊഷ്മളമാകും .
വൃശ്ചികക്കൂറ് (വിശാഖം നാലാം പാദം, അനിഴം, തൃക്കേട്ട)
അനിഷ്ടഭാവമായ എട്ടാം ഭാവത്തിൽ നിന്നും വ്യാഴം ശുഭഭാവമായ ഒമ്പതാമെടത്തിൽ ഉച്ചനായി പ്രവേശിക്കുന്നു. കഴിഞ്ഞ കുറച്ചുകാലമായി അനുഭവിച്ചുപോരുന്ന ക്ലേശങ്ങളിൽ നിന്നും മോചനം നേടുന്നതാണ്. ആത്മവിശ്വാസം ഉയരും. സാമ്പത്തിക ശോച്യത മാറുന്നതാണ്. പഠനത്തിൽ മികവുണ്ടാവും. പുതിയ ജോലിയിൽ പ്രവേശിക്കാനാകും. ബിസിനസ്സുകാർക്ക് പുതിയ ശാഖ തുടങ്ങാനാവും. ഭൂമി സമ്പാദിക്കും. പൊതുവേ ഭാഗ്യമുള്ള കാലമാണെന്ന് പറയാം. അവിവാഹിതർക്ക് വിവാഹസിദ്ധി, സന്താനപ്രാപ്തി ഇവയും പ്രതീക്ഷിക്കാം. കുടുംബ ബന്ധങ്ങളിൽ സ്നേഹം നിറയും. ഭൗതിക വളർച്ചയ്‌ക്കൊപ്പം ആത്മീയോന്നതിയും കൈവരുന്നതാണ് .മാതാപിതാക്കൾക്ക് അഭ്യുദയം പ്രതീക്ഷിക്കാം. മത്സരങ്ങളിൽ തിളക്കമാർന്ന വിജയം നേടുന്നതാണ് .
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ഒന്നാം പാദം)
ഏഴാം ഭാവത്തിൽ നിന്നും വ്യാഴം എട്ടിലേക്ക് മാറുകയാണ്. കുറെ അനുകൂല ഫലങ്ങളുണ്ടാവും. 6, 8, 12, എന്നിവ അനിഷ്‌ട സ്ഥാനങ്ങളാകയാൽ ചില തിരിച്ചടികളും വരും. ധനാഗമ മാർഗം പുഷ്‌ടിപ്പെടുമെങ്കിലും ധനപരമായി കരുതൽ വേണം . ആരോഗ്യ കാര്യത്തിൽ ശ്രദ്ധയുണ്ടാവണം. പാഴ്ച്ചെലവുകൾ കർശനമായി നിയന്ത്രിക്കണം. സാമൂഹ്യ സേവനത്തിന് നേരം കണ്ടെത്തും. അംഗീകാരം ലഭിക്കുന്നതാണ്. സംഘടനയുടെ തലപ്പത്ത് പ്രവർത്തിക്കാനാവും.പഠനം/ ജോലി ഇവയാൽ വീടുവിട്ട് നിൽക്കേണ്ടിവരാം. നല്ല കാര്യങ്ങൾക്ക് ചെലവേർപ്പെടുന്നതാണ്. നിർമ്മാണ പ്രവർത്തനങ്ങൾ അല്പം ഇഴയാം.
ചെറിയ രോഗമായാലും സ്വയം ചികിൽസക്ക് മുതിരരുത്. വ്യാഴദശയോ/ വിവിധ ദശകളിൽ വ്യാഴത്തിൻ്റെ അപഹാരമോ നടക്കുന്നവർക്ക് കൂടുതൽ മെച്ചപ്പെട്ട ഫലങ്ങൾ പ്രതീക്ഷിക്കാം.
മകരക്കൂറ് (ഉത്രാടം 2, 3, 4 പാദങ്ങൾ, തിരുവോണം, അവിട്ടം 1, 2 പാദങ്ങൾ)
വ്യാഴം ഇഷ്ടഭാവമായ ഏഴാമെടത്തിലേക്കാണ് മാറുന്നത്. പുതിയ വാഹനം വാങ്ങുന്നതാണ്. കൂട്ടുകച്ചവടത്തിൽ ലാഭം കൂടും. ചെറിയ വിട്ടുവീഴ്ചകൾ വലിയ നേട്ടങ്ങൾക്ക് കാരണമാകും. വീട് പുതുക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനമാനങ്ങൾ ലഭിക്കുന്നതാണ്. പ്രണയം മൊട്ടിടാം. പ്രണയികൾക്ക് വിവാഹത്തിൽ പ്രവേശിക്കാനാവും. വിദേശധനം കൈവശമെത്തും. സ്വന്തം കാര്യങ്ങൾ പരാശ്രയമില്ലാതെ പൂർത്തീകരിക്കും. വിദേശ പഠനത്തിന് അവസരമുണ്ടാവും. ഗവേഷണം പൂർത്തീകരിക്കും. യാത്രകൾ കൂടും. അവയിൽ ബിസിനസ്സ്, തീർത്ഥ, വിനോദയാത്രകൾ ഉൾപ്പെടും.
കുംഭക്കൂറ് (അവിട്ടം 3, 4 പാദങ്ങൾ, ചതയം, പൂരൂരുട്ടാതി 1, 2, 3 പാദങ്ങൾ)
അഞ്ചാം ഭാവത്തിൽ നിന്നും അനിഷ്‌ട സ്ഥാനമായ ആറാമെടത്തിലേക്ക് സംക്രമിക്കുയാണ് വ്യാഴം. എന്നാൽ വ്യാഴം ഉച്ചസ്ഥനാകയാൽ ദോഷാനുഭവങ്ങൾ ലഘൂകരിക്കപ്പെടുന്നതാണ്. കർമ്മമേഖലയിൽ എതിർപ്പുകൾ ഉയരാം. അർഹതയുള്ള സ്ഥാനക്കയറ്റം അനർഹർ നേടിയെടുക്കുന്നത് മനക്ലേശമുണ്ടാക്കും. കടബാധ്യതകൾ കുറയ്ക്കാൻ കഴിഞ്ഞേക്കില്ല. ചെറുകിട സംരംഭങ്ങൾ, ഏജൻസികൾ, കരാർ ജോലികൾ ഇവയിൽ വിജയിക്കാം. ഗൃഹം വാങ്ങാനുള്ള ആഗ്രഹം നീളും. പ്രണയഭംഗത്തിന് സാധ്യതയുണ്ട്. ആരോഗ്യ ജാഗ്രത വേണം.ആശിച്ച വിഷയത്തിൽ ഉപരിപഠനം നടത്താൻ കഴിഞ്ഞെന്നുവരില്ല. ചിലർക്ക് പഠനം, തൊഴിൽ എന്നിവയ്ക്കായി അന്യദേശത്തെ ആശ്രയിക്കേണ്ട സാഹചര്യമുണ്ടാവും.
മീനക്കൂറ് (പൂരൂരുട്ടാതി നാലാംപാദം, ഉത്രട്ടാതി, രേവതി)
നാലാം ഭാവത്തിൽ നിന്നും അഞ്ചാം ഭാവത്തിലേക്കാണ് വ്യാഴത്തിൻ്റെ രാശിമാറ്റം. കുഞ്ഞുങ്ങളില്ലാത്തവർക്ക് സന്താനപ്രാപ്തി ഭവിക്കുന്നതാണ്. അവിവാഹിതരുടെ വിവാഹ സ്വപ്നം പൂവണിയുന്നതാണ്. കലാസാഹിത്യ രംഗത്തുള്ളവർക്ക് ധാരാളം അവസരങ്ങൾ വന്നെത്തും. ബുദ്ധിശക്തി അംഗീകരിക്കപ്പെടും. പലവഴിക്ക് സമ്പാദ്യം ഉയരുന്നതാണ്.ഭൗതികമായ വികാസത്തോടൊപ്പം ആദ്ധ്യാത്മികമായും വളർച്ചയുണ്ടാവും. കുടുംബസമേതമുള്ള യാത്രകൾ സംതൃപ്തി നൽകും. പിതൃസ്വത്തിന്മേൽ ഉള്ള തർക്കങ്ങൾ പരിഹരിക്കപ്പെടാം. മാനസിക/ ശാരീരിക ക്ലേശങ്ങൾ കുറയും. തൊഴിൽ രംഗത്ത് വളർച്ച പ്രതീക്ഷിക്കാം. സംഘടനകളുടെ നേതൃപദവി തേടിയെത്തുന്നതാണ്.
































