Home News Breaking News ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തന’ത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

ഗൺമാൻമാരുടെ ‘രക്ഷാപ്രവർത്തന’ത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

Advertisement

തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനടക്കമുള്ളവർ മർദ്ദിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. ആദ്യത്തെ മന്ത്രിസഭാ യോഗത്തിനുശേഷം വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്‌പെഷ്യൽ ടീം പുനരന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 15-12-2023ന് നവകേരള പരിപാടിയുടെ ഭാഗമായി അന്നത്തെ മുഖ്യമന്ത്രി ആലപ്പുഴ എത്തിയപ്പോൾ, റോഡരികിൽ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗൺമാനടക്കമുള്ളവർ വളഞ്ഞിട്ട് ആക്രമിച്ച സംഭവം കേരളത്തെ നടുക്കിയ ഒന്നാണ്.

സംഭവത്തിൽ പുനരന്വേഷണം നടത്താൻ ആലപ്പുഴ മജിസ്ട്രേറ്റ് കോടതി 2024 നവംബർ എട്ടിന് ഉത്തരവിട്ടു. എന്നാൽ അന്വേഷണം നടന്നിട്ടില്ല. അതിനാൽ ഒരു സ്പെഷ്യൽ ടീം ഈ കേസ് അന്വേഷിക്കും’- വി ഡി സതീശൻ വ്യക്തമാക്കി.നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽനിന്നു ജയിച്ച കെഎസ്‌യു നേതാവ് എ ഡി തോമസ് ഉൾപ്പെടെയുള്ളവർക്കാണ് അന്ന് മർദ്ദനമേറ്റത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ,സുരക്ഷാ ജീവനക്കാരൻ സന്ദീപ് എന്നിവർ കുറ്റം ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ ശ്രമം. ഇതിലാണ് വീണ്ടും പുനരന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്.

കേസിലെ നിർണായക തെളിവായ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാതെയാണ് ക്രൈംബ്രാഞ്ച് കേസ് അവസാനിപ്പിച്ചതെന്ന് ആരോപണമുയർന്നിരുന്നു. തെളിവായ ദൃശ്യങ്ങൾ നൽകാൻ ശ്രമിച്ചപ്പോഴെല്ലാം ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഒഴിഞ്ഞു മാറിയെന്നായിരുന്നു ആക്ഷേപം. മുഖ്യമന്ത്രിക്കൊപ്പം തോക്കുമായി സഞ്ചരിക്കേണ്ട ഗൺമാൻ, അകമ്പടി വാഹനത്തിലൊളിപ്പിച്ച വടിയുമായി റോഡിലിറങ്ങി പ്രതിഷേധക്കാരുടെ തല തല്ലിത്തകർത്തത് പൊലീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് വിലയിരുത്തൽ.

കണ്ണൂരിലും ആലപ്പുഴയിലും വാഹനത്തിൽ നിന്നിറങ്ങി കെഎസ്‍യുക്കാരെ തല്ലാൻ മുന്നിൽ നിന്ന ഗൺമാൻ, ഇടുക്കിയിൽ പത്ര ഫോട്ടോഗ്രാഫറുടെ കഴുത്തിന് പിടിച്ചിരുന്നു. മുഖ്യമന്ത്രിക്കൊപ്പം സദാസമയവും ഉണ്ടാവുകയെന്നതാണ് ഗൺമാന്റെ ചുമതല. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോയിക്കഴിഞ്ഞ് എസ്കോർട്ട് വാഹനത്തിൽനിന്ന് റോഡിലിറങ്ങി പരാക്രമം കാണിക്കുന്നത് നിയമവിരുദ്ധമാണ്. പൊലീസുകാർ സാധാരണ ഉപയോഗി‍‌‍ക്കുന്ന ലാത്തിയെക്കാൾ നീളമുള്ളതും കാറിലിരുന്നു തന്നെ വീശിയടിക്കാൻ കഴിയുന്നതുമായ ഒടിയാത്ത ദണ്ഡാണ് ഗൺമാൻ മർദ്ദനത്തിന് ഉപയോഗിച്ചത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here