Home News Breaking News യുഡിഎഫ് മന്ത്രിസഭയിൽ ഇടുക്കിയിൽ നിന്ന് ഇക്കുറിയും മന്ത്രിയില്ല, കാസര്‍കോഡിനും കോഴിക്കോടിനും ലീഗിനോട് പരാതി

യുഡിഎഫ് മന്ത്രിസഭയിൽ ഇടുക്കിയിൽ നിന്ന് ഇക്കുറിയും മന്ത്രിയില്ല, കാസര്‍കോഡിനും കോഴിക്കോടിനും ലീഗിനോട് പരാതി

Advertisement

തിരുവനന്തപുരം. യുഡിഎഫ് മന്ത്രിസഭയിൽ ഇടുക്കിയിൽ നിന്ന് ഇക്കുറിയും മന്ത്രിയില്ല. പിജെ ജോസഫിന്റെ പിൻഗാമി അപു ജോൺജോസഫ് മന്ത്രിയായേകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ചീഫ് വിപ്പ് സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുന്നു. ജില്ലയിൽ നാലിടത്തും സമ്പൂർണ്ണവിജയം കൈവരിച്ച കോൺഗ്രസ് എം എൽ എമാരെ ആരെയും മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചതുമില്ല.

ഇടത് ഭരണമെങ്കിൽ ഇടുക്കിക്ക് ഒരു മന്ത്രിയെങ്കിലും ഉറപ്പ്. അങ്ങനെ പിണറായി സർക്കാരിൽ എം എം മണിയും റോഷി അഗസ്റ്റിനും വരെ മന്ത്രിമാരായി. വൈദ്യുതിയും ജലവിഭവവും പോലെയുളള പ്രധാന വകുപ്പുകളും നൽകി. മുമ്പ് ഇടതിനൊപ്പവും വലതിനൊപ്പവും നിന്ന് പി ജെ ജോസഫ് പലതവണയാണ് ഇടുക്കിയുടെ മന്ത്രിയായത്. ഇക്കുറി വി ഡി സതീശന്റെ മന്ത്രിസഭയിൽ പക്ഷെ ഇടുക്കിയിൽ നിന്നൊരു മന്ത്രിയില്ല എന്നതും ശ്രദ്ധേയം. ഇതിൽ ഇടുക്കിക്കാർക്കിത്തിരി അതൃപ്തിയുമുണ്ട്.

ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ജലവിഭവമന്ത്രിയായിരുന്ന പി ജെ ജോസഫ് തന്നെയാണ് UDFന്റെ അവസാന ഇടുക്കി മന്ത്രി. മകൻ അപു ജോൺ ജോസഫ് മന്ത്രിയായേക്കുമെന്നവസാനനിമിഷം വരെ അഭ്യൂഹമുയർന്നെങ്കിലും മോൻസ് ജോസഫിലൂടെ കേരള കോൺഗ്രസ് ഒരു മന്ത്രിയിൽ ചുരുങ്ങി. മന്ത്രിയുടെയല്ലങ്കിലും ചീഫ് വിപ്പിന്റെ ക്യാബിനറ്റ് റാങ്കുള്ള കാറിൽ അപു ജോൺ ജോസഫ് പുറപ്പുഴയിലെ പാലത്തിനാൽ വീട്ടിലെത്തും . കോൺഗ്രസിൽ നിന്നും ആദ്യമായി ഇടുക്കിക്കൊരുമന്ത്രിയുണ്ടാകുമെന്ന ഡി സിസി പ്രസിഡന്റ് സിപി മാത്യുവിന്റെ വാക്കും പാഴായി. കെ സി പക്ഷം പിടിമുറുക്കിയാൽ റോയ് കെ പൗലോസിലൂടെയത് സാധ്യമാകുമെന്ന് കരുതിയെങ്കിലും അവസാന നിമിഷം എവിടെയോ പാളി. ഇടുക്കിക്കടുത്ത നാടായ മൂവാറ്റുപുഴയിൽ നിന്ന് മാത്യു കുഴൽനാടനെങ്കിലും മന്ത്രിസഭയിലിടം പിടിക്കുമെന്ന് കരുതിയെങ്കിലും അതുമുണ്ടായില്ല.

മുസ്ലിം ലീഗ് മന്ത്രിമാരിൽ കോഴിക്കോട്, കാസർ‍ഗോഡ് ജില്ലകൾക്ക് പ്രാതിനിധ്യം ലഭിക്കാത്തതിൽ അതൃപ്തിയുണ്ട്. പാറക്കൽ അബ്ദുള്ളയ്ക്ക് ടേം വ്യവസ്ഥയിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും അണികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. ആദ്യമായി എംഎൽഎ ആകുന്ന വി.ഇ അബ്ദുൾ ഗഫൂറിനായി കോഴിക്കോട്, കാസർഗോഡ് ജില്ലകളെ തഴഞ്ഞെന്നാണ് ആരോപണം. പരസ്യപ്രതിഷേധത്തിലേക്ക് അണികൾ നീങ്ങുന്നുവെന്ന ഘട്ടത്തിൽ ടേം വ്യവസ്ഥ പ്രഖ്യാപിച്ചെങ്കിലും പാറക്കൽ അബ്ദുള്ളയ്ക്ക് മന്ത്രിയാകാൻ ആര് മാറുമെന്ന കാര്യത്തിൽ നേതൃത്വം വ്യക്തത വരുത്തിയിട്ടില്ല. ആറ് എംഎൽഎമാരുള്ള കോഴിക്കോട് ജില്ലയെ നേതൃത്വം അവഗണിച്ചെന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here