തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് ഭരണത്തിലേറുമെന്ന് വിവിധ ഏജൻസികൾ നടത്തിയ എക്സിറ്റ് പോൾ സർവേകൾ ശരിവയ്ക്കുന്ന ഫലമാണ് പുറത്തുവരുന്നത്. നൂറിനടുത്ത് സീറ്റിന്റെ ലീഡാണ് യുഡിഎഫ് ഇപ്പോൾ ഉയർത്തുന്നത്. ഒന്നിലേറെ എക്സിറ്റ്പോൾ ഫലങ്ങളിൽ യുഡിഎഫിന് അനുകൂല പ്രവചനങ്ങളാണ് ഉണ്ടായിരുന്നത്. മാട്രിസ് നടത്തിയ എക്സിറ്റ് പോൾ സർവേകൾ 70 മുതൽ 75 സീറ്റുകൾ വരെ യുഡിഎഫ് നേടുമെന്നായിരുന്നു.
പീപ്പിൾസ് പൾസ് 75 മുതൽ 85 സീറ്റുകൾ, വോട്ട് വൈബ് 70 മുതൽ 80 വരെ, ആക്സിസ് മൈ ഇന്ത്യ 78 മുതൽ 90 വരെ, ജെവിസി 72 മുതൽ 84 സീറ്റുകൾ വരെ എന്നിങ്ങനെ യുഡിഎഫ് നേടുമെന്നായിരുന്നു പ്രവചനം. യുഡിഎഫിന് അനുകൂലമായ എക്സിറ്റ്പോൾ ഫലങ്ങൾ അംഗീകരിക്കുന്നതിനൊപ്പം 100ൽ കൂടുതൽ സീറ്ര് ഉറപ്പാണെന്നുമായിരുന്നു പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നിലപാട്. ആ വാദം ശരിവയ്ക്കുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് ഫലങ്ങൾ. എൽഡിഎഫ് വിജയം ഉറപ്പിച്ചിരുന്ന മണ്ഡലങ്ങളിൽ പോലും യുഡിഎഫിന്റെ വലിയ മുന്നേറ്റമാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.
ശക്തമായ ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രത്യക്ഷമാകുന്നത്. പിണറായി വിജയനുൾപ്പെടെ പല മന്ത്രിമാരും ലീഡ് നിലയിൽ പിന്നിലാണ്.അതേസമയം, എൽഡിഎഫിന്റെ എക്സിറ്റ്പോൾ ഫലങ്ങൾ ഇത്തരത്തിലായിരുന്നു. മാട്രിസ് നടത്തിയ സർവേയിൽ 60 മുതൽ 65 സീറ്റുകൾ, പീപ്പിൾസ് പൾസിൽ 55 മുതൽ 65 വരെ, വോട്ട് വൈബിൽ 58 മുതൽ 68 വരെ, ആക്സിസ് മൈ ഇന്ത്യയിൽ 49 മുതൽ 62 വരെ, ജെവിസി സർവേയിൽ 52 മുതൽ 61 സീറ്റുകൾ വരെ എൽഡിഎഫ് നേടുമെന്നായിരുന്നു.
ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നാണ് വിവധ സർവേകൾ പ്രവചിച്ചത്. മാട്രിസ് സർവേയിൽ എൻഡിഎ മൂന്ന് മുതൽ അഞ്ച് വരെ സീറ്റുകൾ നേടുമെന്നും പീപ്പിൾസ് പൾസിൽ പൂജ്യം മുതൽ മൂന്ന് വരെ, വോട്ട് വൈബിൽ പൂജ്യം മുതൽ നാല് വരെ, ആക്സിസ് മൈ ഇന്ത്യ പൂജ്യം മുതൽ മൂന്ന് വരെ , ജെവിസി എക്സിറ്റ് പോൾ സർവേയിൽ മൂന്നു മുതൽ ഏഴ് വരെ സീറ്റുകൾ എന്നിങ്ങനെയായിരുന്നു പ്രവചനം. ഫലസൂചനകൾ വരുമ്പോൾ മൂന്ന് സീറ്റുകളിലാണ് എൻഡിഎ ലീഡുയർത്തുന്നത്




































